തിരുവനന്തപുരം: നിപാ ബാധിച്ച് മരിച്ച ലിനിയുടെ ഭര്‍ത്താവ് സജീഷിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധത്തിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യമന്ത്രി കെ കെ ശൈലജയെ നിപാ രാജകുമാരിയെന്നും കൊറോണ രാജ്ഞിയെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വിളിച്ചതിനെതിരെ പ്രതികരിച്ചതിനാണ് കോണ്‍ഗ്രസ് സജീഷിനെതിരെ പ്രതിഷേധം നടത്തിയത്. അദ്ദേഹം ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

നിപാ രക്തസാക്ഷിയായ ലിനിയുടെ കുടുംബം കേരളം നമ്മുടെ കുടുംബമായിട്ടാണ് കാണുന്നതെന്നും അത് അംഗീകരിക്കണം എന്ന് നിര്‍ബന്ധമില്ലെന്നും എന്നാല്‍ അവരുടെ കുടുംബത്തെ വേട്ടയാടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലിനിയുടെ ജീവത്യാഗം ഈ നാട് കണ്ണീരോടെയാണ് കണ്ടത്. കേരളം മാത്രമല്ല ലോകം മുഴുവന്‍ ആദരിക്കുന്നവരാണ് ലിനിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read Also: കേരളത്തിൽ ഇന്ന് 127 പേർക്ക് കോവിഡ്; പ്രതിദിന കണക്കിലെ ഏറ്റവും വലിയ വർധനവ്

എന്തിനാണ് ലിനിയുടെ കുടംബത്തിനെതിരെ ഈ ക്രൂരതയെന്നത് ആശ്ചര്യകരം. ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി കാലത്ത് കൂടെ നിന്നത് ആരാണ് എന്ന് ആ ചെറുപ്പക്കാരന്‍ പറഞ്ഞതുകൊണ്ടാണ് ഈ ആക്രമണം.

നിപയെ ചെറുത്ത് തോല്‍പിച്ചതിന്റെ അനുഭവം ഓര്‍ക്കുമ്പോള്‍ ആദ്യം തെളിയുന്നത് ലിനിയുടെ മുഖമാണെന്ന് അദ്ദേഹം പറഞ്ഞു.

നിപയ്‌ക്കെതിരായ പോരാട്ടത്തില്‍ സര്‍ക്കാരിലെ ചുമതലപ്പെട്ട ആരോഗ്യമന്ത്രി മുന്നില്‍ തന്നെയുണ്ടായിരുന്നത് നാടാകെ അംഗീകരിക്കുന്ന വസ്തുതയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിപ കാലത്ത് ആരോഗ്യമന്ത്രി കോഴിക്കോട് വന്ന് പോകുക മാത്രമാണ് ചെയ്തതെന്ന് മുല്ലപ്പള്ളി ആരോപിച്ചിരുന്നു.

ആ മന്ത്രിയെ നിപാ രാജകുമാരി, കോവിഡ് രാജ്ഞി എന്നും മറ്റും മ്ലേച്ഛമായി അധിക്ഷേപിക്കുമ്പോള്‍ ആദ്യം പ്രതികരണം ഉണ്ടാകുന്നത് സ്വാഭാവികമായും ലിനിയുടെ കുടുംബത്തില്‍ നിന്നാകും. ആ കുടുംബത്തിനെതിരെ സമരം നടത്തി അധപതിച്ച കോണ്‍ഗ്രസ് എന്ത് പ്രതിപക്ഷ ധര്‍മ്മാണ് നിറവേറ്റുന്നത്. അതിന്റെ പേരില്‍ ലിനിയുടെ കുടുംബത്തെ വേട്ടയാടാനാണ് ശ്രമമെങ്കില്‍ അത് അനുവദിക്കുകയില്ല.

സിസ്റ്റര്‍ ലിനി കേരളത്തിന്റെ സ്വത്താണ്. ആ കുടുംബത്തോടും ആ കുഞ്ഞുമക്കളോടും സജീഷിനുമൊപ്പമാണ് കേരളം. അവര്‍ക്ക് എല്ലാ സുരക്ഷിതത്വവും ഈ നാട് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.