നിപ ഭീതി ഒഴിയുന്നു; കണ്ടൈന്‍മെന്റ് സോണിലെ നിയന്ത്രണങ്ങളില്‍ ഇളവ്; വാക്സിനേഷന്‍ നാളെ മുതല്‍

രോഗലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും വീടുകളില്‍ തന്നെ കഴിയണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം

Nipah Virus, Kozhikode

തിരുവനന്തപുരം: മറ്റ് നിപ വൈറസ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലും ഇന്‍ക്യുബേഷന്‍ കാലയളവായ 14 ദിവസം കഴിഞ്ഞ സാഹചര്യത്തിലും കോഴിക്കോട് കണ്ടെന്‍മെന്റ് വാര്‍ഡുകളിലെ നിയന്ത്രണങ്ങളില്‍ ഇളവ്. അതേസമയം നിപ സ്ഥിരീകരിച്ച ചാത്തമംഗലം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് കണ്ടൈന്‍മെന്റായി തുടരും. മെഡിക്കല്‍ ബോര്‍ഡിന്റേയും വിദഗ്ധ സമിതിയുടേയും നിര്‍ദേശ പ്രകാരമാണ് തീരുമാനം.

ഒന്‍പതാം വാര്‍ഡ് ഒഴികെയുള്ള മറ്റ് പ്രദേശങ്ങളിലുള്ള കടകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. യാത്ര ചെയ്യാനും അനുവാദമുണ്ട്. രോഗലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും വീടുകളില്‍ തന്നെ കഴിയണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണം. ഇത് സംബന്ധിച്ചുള്ള ഉത്തരവ് ജില്ലാ കലക്ടര്‍ പുറത്തിറക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

കണ്ടെന്‍മെന്റ് സോണില്‍ നിര്‍ത്തിവച്ചിരുന്ന വാക്‌സിനേഷന്‍ ബുധനാഴ്ച മുതല്‍ പുനരാരംഭിക്കും. ഇനി വാക്‌സിന്‍ എടുക്കാന്‍ ബാക്കിയുള്ളവരെ കണ്ടെത്തി കൃത്യമായ ആക്ഷന്‍ പ്ലാനോടെയാണ് വാക്‌സിനേഷന്‍ നടത്താനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. രോഗലക്ഷണമുള്ളവര്‍ ഒരു കാരണവശാലും വാക്‌സിനെടുക്കാന്‍ പൊകരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്.

9593 പേരാണ് കണ്ടൈന്‍മെന്റ് വാര്‍ഡുകളില്‍ ഇനി ആദ്യഡോസ് വാക്‌സിന്‍ എടുക്കാനുള്ളത്. 500 മുതല്‍ 1000 വരെയുള്ള പല സെക്ഷനുകള്‍ തിരിച്ചായിരിക്കും വാക്‌സിന്‍ നല്‍കുക. അതേസമയം നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 3 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി. എന്‍.ഐ.വി. പൂനയിലാണ് ഇത് പരിശോധിച്ചത്. ഇതോടെ 143 പേരുടെ സാമ്പിളുകളാണ് നെഗറ്റീവായത്.

Also Read: മംഗ്ലൂരുവിൽ ലാബ് ടെക്‌നീഷ്യന് നിപ ലക്ഷണങ്ങൾ; സാമ്പിൾ പൂണെയിലേക്ക് പരിശോധനക്ക് അയച്ചു

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Nipah restrictions relaxed covid vaccination will begin tomorrow

Next Story
യുഡിഎഫിന്റെ തകര്‍ച്ചയ്ക്ക് വേഗത കൂടി; ലീഗിലും ജോസഫ് ഗ്രൂപ്പിലും പ്രതിസന്ധി: എ. വിജയരാഘവന്‍A Vijayaraghavan, CPIM
The moderation of comments is automated and not cleared manually by malayalam.indianexpress.com