കൊച്ചി: നിപ വൈറസ് ബാധിച്ച് ചികില്‍സയിലിരിക്കുന്ന എറണാകുളം പറവൂര്‍ വടക്കേക്കര സ്വദേശിയായ യുവാവ് ഇന്ന് ആശുപത്രി വിടും. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ 53 ദിവസത്തെ ചികില്‍സയ്ക്കു ശേഷമാണ് യുവാവ് ആശുപത്രി വിടുന്നത്.

രാവിലെ എട്ടു മുതല്‍ ആശുപത്രിയില്‍ യുവാവിന് യാത്രയയപ്പു ചടങ്ങും സംഘടിപ്പിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജയും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. മേയ് 30 നാണ് 23 വയസുള്ള എന്‍ജീനീയറിങ് വിദ്യാര്‍ഥിയായ യുവാവ് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയത്. ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് യുവാവിന് നിപ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വിവരം ആരോഗ്യവകുപ്പിനെ അറിയിച്ചു. കഴിഞ്ഞ ജൂൺ നാലിനാണ് യുവാവിന് നിപ ബാധിച്ചതായി സ്ഥിരീകരണം വന്നത്.

ഇതിന് പിന്നാലെ 6 ഓളം പേരെ നിപ സമാനമായ ലക്ഷണങ്ങളോടെ ഐസൊലേഷൻ വാര്‍ഡിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. മുന്നൂറിലധികം പേരെയാണ് നിരീക്ഷിച്ചിരുന്നത്. എന്നാൽ ഇൻഡക്സ് സാമ്പിളായ യുവാവിനെ ആദ്യം തന്നെ തിരിച്ചറിഞ്ഞ് ചികിൽസ നൽകാനായത് രോഗബാധ തടയുന്നതിന് സഹായകമായി. നിപ വൈറസ് ബാധയുടെ ഉറവിടം തേടി കേന്ദ്രത്തില്‍ നിന്നടക്കം വിദഗ്ധ സംഘം എറണാകുളത്ത് എത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു. രോഗം നിയന്ത്രണവിധേയമായിട്ടും ആരോഗ്യ വകുപ്പ് നീരീക്ഷണം തുടര്‍ന്നിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.