കോഴിക്കോട്: നിപ്പ വൈറസ് ബാധയേറ്റ് കോഴിക്കോടും മലപ്പുറത്തുമായി ആകെ പത്ത് പേർ മരിച്ചതായി ആരോഗ്യമന്ത്രി സ്ഥിരീകരിച്ചു. മെയ് 18 ന് ശേഷം മരിച്ച ഏഴ് പേരുടെ കൂടി മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
ഇന്ന് രാവിലെ നാദാപുരം സ്വദേശി അശോകനും പേരാമ്പ്ര സ്വദേശി രാജനും മരിച്ചത് നിപ്പ വൈറസ് ബാധയേറ്റാണെന്ന് സ്ഥിരീകരിച്ചു. ഇതിന് പുറമെ മലപ്പുറം തിരൂരങ്ങാടിയിലും രണ്ട് പേർ മരിച്ചിട്ടുണ്ട്. ചികിത്സയിലുളള രണ്ട് പേരുടെ രക്തം പരിശോധിച്ചതിലും വൈറസ് ബാധ സ്ഥിരീകരിച്ചതായി മന്ത്രി പറഞ്ഞു.
നിപ്പ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന രാജനാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ രക്തസാമ്പിളുകൾ ഇന്നലെ പരിശോധനയ്ക്ക് അയച്ചിരുന്നു.
ആകെ 18 പേരുടെ രക്തസാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ നിന്നാണ് 12 പേർക്ക് സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്.
കോഴിക്കോട്ടെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിയുടെ മരണത്തിലടക്കം നിപ്പ വൈറസ് ബാധ സ്ഥിരീകരിക്കാൻ നേരത്തെ സാധിച്ചിരുന്നില്ല. ലിനിയുടെത് അടക്കമുളള മരണങ്ങളുടെ കണക്കാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മരിച്ചവരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.
കോഴിക്കോട് പേരാമ്പ്ര ആശുപത്രിയിൽ നിപ്പ വൈറസ് ബാധിച്ച രോഗിയെ കാണാനെത്തിയപ്പോഴാകാം മലപ്പുറം തിരൂരങ്ങാടി സ്വദേശിക്ക് പനി ബാധിച്ചതെന്നാണ് കരുതുന്നത്.
കൂടുതൽ പേർക്ക് സാമ്പിളുകൾ പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ആരോഗ്യവകുപ്പ് മന്ത്രിയും വകുപ്പ് ഡയറക്ടറും അടക്കം വലിയ സംഘം തന്നെയാണ് കോഴിക്കോട് നിലയുറപ്പിച്ച് രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
പൂനെയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇവരുടെ രക്തം പരിശോധിച്ചതിന്റെ ഫലം ലഭിച്ച ശേഷം ആരോഗ്യമന്ത്രി കെകെ ശൈലജ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഈ വിവരങ്ങൾ അറിയിച്ചത്. അതേസമയം ജനങ്ങൾ സ്വയം ചികിത്സ നടത്തരുതെന്നും ബുദ്ധിമുട്ട് തോന്നിയാൽ ഉടൻ ആശുപത്രിയിലെത്തണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.