/indian-express-malayalam/media/media_files/uploads/2018/05/nipah-1.jpg)
കോഴിക്കോട്: നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് മരണം 17 ആയതോടെ ജാഗ്രതാനിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്. നിപ്പ വൈറസ് ബാധ രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെയാണ് സര്‍ക്കാരും ആരോഗ്യ വകുപ്പും മുന്നറിയിപ്പുമായി എത്തിയത്. അതേസമയം, നിപ്പയെ തടയാനുള്ള മരുന്ന് ഓസ്‌ട്രേലിയയില്‍ നിന്നും ഇന്ന് എത്തും.
ഇന്നലേയും ഒരാള്‍ മരിച്ചതോടെ നിരീക്ഷണത്തിലുള്ളവരുടെ സമ്പര്‍ക്ക പട്ടിക വിപുലീകരിക്കാനാണ് ആരോഗ്യ വകുപ്പിന്റെ നീക്കം. കോഴിക്കോട് മെഡിക്കല്‍ കോളേജ്, ബാലുശേരി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സക്കെത്തിയവരെയും കൂട്ടിരിപ്പുകാരെയുമാണ് പട്ടികയുടെ ഭാഗമാക്കുന്നത്.
മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തിലും സിടി സ്‌കാന്‍ റൂമിലും വെയിറ്റിങ് റൂമിലും മെയ് അഞ്ചിന് രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെയും മെയ് 14 ന് രാത്രി ഏഴ് മുതല്‍ രാവിലെ ഒമ്പത് വരെയും സന്ദര്‍ശിച്ചവരെയാണ് പുതിയ ലിസ്റ്റില്‍ ഉള്‍പെടുത്തുന്നത്. മെയ് 18,19 തീയതികളില്‍ ബാലുശേരി താലൂക്ക് ആശുപത്രിയില്‍ എത്തിയവരെയും ലിസ്റ്റില്‍ ഉൾപ്പെടുത്തുന്നുണ്ട്.
ഈ ദിവസങ്ങളില്‍ ആശുപത്രികളില്‍ സന്ദര്‍ശനം നടത്തിയവര്‍ കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന നിപ്പ സെല്ലില്‍ ബന്ധപ്പെടേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
നിപ്പ വൈറസ് ബാധിച്ച് കോഴിക്കോട് ഒരാള്‍ കൂടി ഇന്നലെ മരിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി റസിന്‍ (25) ആണ് മരിച്ചത്. നിപ്പ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് മൂന്ന് ദിവസമായി അദ്ദേഹം ആശുപത്രിയില്‍ അതീവ നിരീക്ഷണവിഭാഗത്തിലായിരുന്നു. എന്നാല്‍ ഇന്നലെ വൈകുന്നേരത്തോടെ മരണപ്പെടുകയായിരുന്നു.
രോഗം ബാധിച്ച് കഴിഞ്ഞ ദിവസം രണ്ട് പേര്‍ മരിച്ചിരുന്നു. ഒരാള്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇയാള്‍ അടക്കം രോഗലക്ഷണങ്ങളുമായി എട്ട് പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഏതാണ്ട് 1353 പേര്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലുമാണ്. ഇതോടെ നിപ്പ ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി ഉയര്‍ന്നു.
സ്‌റ്റേറ്റ് നിപ്പ സെല്‍ നമ്പര്‍ - 0495 2381000
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.