/indian-express-malayalam/media/media_files/uploads/2023/09/Nipah-Virus-3.jpg)
Representational Image
കോഴിക്കോട്: കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. നിപ പോസിറ്റീവായ വ്യക്തികള്‍ മറ്റ് ചികിത്സകള്‍ തേടിയ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹവും ചികിത്സ തേടിയിരുന്നതായി ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമീപ ജില്ലയായ മലപ്പുറത്ത് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഭയപ്പെടേണ്ടതില്ലെന്നും എല്ലാ തലത്തിലുമുളള പ്രതിരോധത്തിന് ജില്ല സജ്ജമാണെന്നും ജില്ല കലക്ടര്‍ അറിയിച്ചു.നിപ വൈറസ് വ്യാപനം തടയുന്നതിനാവശ്യമായ, എല്ലാ പ്രതിരോധ പ്രവര്‍ത്തനങ്ങളും പ്രോട്ടോകോള്‍ പാലിച്ചു ജില്ലയില്‍ നടപ്പാക്കുന്നതിനും ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കോഴിക്കോട് ജില്ലയില്‍ അതിജാഗ്രത തുടരുന്നുണ്ട്. ബുധനാഴ്ച പരിശോധനയ്ക്ക് അയച്ച 11 പേരുടെ സാംപിളുകള്‍ നെഗറ്റീവായിരുന്നു. സമ്പര്‍ക്കപ്പട്ടികയിലുള്ള 30 പേരുടെ സാംപിളുകള്‍കൂടി വ്യാഴാഴ്ച പരിശോധനയ്ക്കയച്ചിരുന്നു. ഇതില്‍ 15 പേര്‍ രോഗികളുമായി അടുത്തിടപഴകിയ ആരോഗ്യപ്രവര്‍ത്തകരാണ്.
ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. പോസിറ്റീവായവരുമായി ഇടപഴകിയ 234 പേരെക്കൂടി കണ്ടെത്തിയതോടെ സമ്പര്‍ക്കപ്പട്ടികയില്‍ 950 പേരായി. ബുധനാഴ്ച നിപ പോസിറ്റീവായ, സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകന്റെ റൂട്ട് മാപ്പിനാവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഇദ്ദേഹം സ്വകാര്യ ആശുപത്രിയില്‍ ഐസൊലേഷനിലാണ്. ചേവരമ്പലത്തെ വാടകവീട്ടില്‍ കൂടെത്താമസിച്ച 14 പേര്‍ നിരീക്ഷണത്തിലാണ്. നാലുപേര്‍ മെഡിക്കല്‍ കോളേജിലാണ്.
സമ്പര്‍ക്കപ്പട്ടിക മൊബൈല്‍ ലൊക്കേഷനിലൂടെ കണ്ടെത്താന്‍ പോലീസ് സഹായം തേടാന്‍ മന്ത്രി വീണാ ജോര്‍ജ് നിപ അവലോകനയോഗത്തില്‍ നിര്‍ദേശം നല്‍കി. എന്‍.ഐ.വി. പുണെയുടെ മൊബൈല്‍ ടീമും സജ്ജമായിട്ടുണ്ട്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ മൊബൈല്‍ ടീമും എത്തുന്നുണ്ട്.
രോഗലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കല്‍കോളജില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ച 82 വയസ്സുകാരിയുടെ നിപ പരിശോധനാഫലം നെഗറ്റീവാണ്. നിപ രോഗികളുമായി ഇവര്‍ക്ക് സമ്പര്‍ക്കമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും രോഗ ലക്ഷണങ്ങള്‍ കണ്ടത് ആശങ്കയ്ക്കിടയാക്കിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.