കോഴിക്കോട്: നിപ ബാധിച്ചു മരിച്ച പന്ത്രണ്ടുകാരനുമായി അടുത്ത സമ്പർക്കത്തിൽ വന്ന 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. പുണെയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ലാബിൽ പരിശോധിച്ച എട്ടും കോഴിക്കോട് മെഡിക്കൽ കോളജിൽ സജ്ജമാക്കിയ ലാബിൽ പരിശോധിച്ച രണ്ടു സാമ്പിളുകളാണ് നെഗറ്റീവായത്. കുട്ടിയുടെ മാതാപിതാക്കൾ, ബന്ധുക്കൾ, ആരോഗ്യപ്രവർത്തകർ എന്നിവർക്കാണ് രോഗമില്ലെന്ന് സ്ഥിരീകരിച്ചത്.
13 പേരുടെ ശരീരത്തിൽനിന്നു ശേഖരിച്ച സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്. മൂന്നു പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. ഇന്ന് ലഭിക്കുമെന്നാണ് വിവരം. കോഴിക്കോട് മെഡിക്കൽ കോളേജിൽ സജ്ജീകരിച്ച പ്രത്യേക ലാബിൽ ഇന്നു പുലർച്ചെയാണ് പരിശോധന ആരംഭിച്ചത്. കൂടുതൽ സാമ്പിളുകൾ ഇന്നു തന്നെ ഇവിടെ പരിശോധിക്കാൻ കഴിയും.
എല്ലാ ഫലങ്ങളും നെഗറ്റീവായത് ആശ്വാസകരമായ വാർത്തയാണെന്നും എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. നിലവിൽ ഹൈ റിസ്ക് വിഭാഗത്തിൽ പെടുന്ന 48 പേരാണ് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്.
കോഴിക്കോട് സ്വദേശികളായ 31 പേർ, വയനാട് സ്വദേശികളായ നാല് പേർ, മലപ്പുറത്തു നിന്നുള്ള മൂന്ന് പേർ, ഒരു എറണാകുളം സ്വദേശി എന്നിങ്ങനെയാണ് ചികിത്സയിലുള്ളവർ.
Also Read: പരിശോധനയും ചികിത്സയും വേഗത്തില്‍; ഒറ്റ ദിവസം കൊണ്ട് കോഴിക്കോട്ട് നിപ ലാബ് സജ്ജം