scorecardresearch

എന്തുകൊണ്ട് അന്ന് തടഞ്ഞില്ല? എന്റെ മോളെ എന്തിനാണ് ഇങ്ങനെ കൊല്ലാൻ വിടുന്നത്?; നിമിഷ ഫാത്തിമയുടെ അമ്മ

ഭർത്താക്കന്മാർക്കൊപ്പം ഐഎസിൽ ചേരാൻ പോയ മലയാളികളായ നാലു ഇന്ത്യൻ യുവതികളാണ് അഫ്ഗാനിസ്ഥാനിൽ ജയിലിൽ കഴിയുന്നത്

എന്തുകൊണ്ട് അന്ന് തടഞ്ഞില്ല? എന്റെ മോളെ എന്തിനാണ് ഇങ്ങനെ കൊല്ലാൻ വിടുന്നത്?; നിമിഷ ഫാത്തിമയുടെ അമ്മ

തിരുവനന്തപുരം: ”ഒന്നര വർഷമായി മകൾ ജയിലിലാണെന്ന് അറിഞ്ഞിട്ട്. പല വഴികളിലൂടെയും ശ്രമിച്ചു. അമിത് ഷായ്ക്കും വിദേശകാര്യമന്ത്രാലയത്തിനും മെയിൽ അയച്ചു. ആരും മറുപടി തന്നില്ല. തന്റെ മകളും പേരക്കുട്ടിയും അടക്കമുള്ളവര്‍ സെപ്റ്റംബര്‍ 11 കഴിഞ്ഞാല്‍ ബോംബ് ഭീഷണിയുടെ നടുവിലാണ്,” അഫ്ഗാനിസ്ഥാനിൽ ജയിലിൽ കഴിയുന്ന ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരുടെ വിധവയായ നിമിഷ ഫാത്തിമയുടെ അമ്മയുടെ വാക്കുകൾ.

‘ഞാന്‍ ഈ ഇന്ത്യക്കുള്ളിലാണ് ജീവിക്കുന്നത്. ഞാന്‍ ഇന്ത്യക്കെതിരെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? എന്റെ മകള്‍ പോലും ഇന്ത്യ വിട്ട് പോകുന്നതിന് മുന്‍പ് അന്നിരുന്ന കേരള സര്‍ക്കാരിനെയും അന്നിരുന്ന പൊലീസ് ഉദ്യോഗസ്ഥരെയും അറിയിച്ചതല്ലേ?. എന്നിട്ട് അവര്‍ എന്തുകൊണ്ട് അത് തടഞ്ഞില്ല? എന്നിട്ട് എല്ലാം കഴിഞ്ഞിട്ട് കൈയിലെത്തിയിട്ട് എന്റെ മോളെ എന്തിനാണ് ഇങ്ങനെ കൊല്ലാന്‍ വിടുന്നത്?,” തിരുവനന്തപുരം സ്വദേശിനി ബിന്ദു മാതൃഭൂമി ന്യൂസിനോടു പ്രതികരിച്ചു.

ഭർത്താക്കന്മാർക്കൊപ്പം ഐഎസിൽ ചേരാൻ പോയ മലയാളികളായ നാലു ഇന്ത്യൻ യുവതികളാണ് അഫ്ഗാനിസ്ഥാനിൽ ജയിലിൽ കഴിയുന്നത്. സോണിയ, മെറിൻ, നിമിഷ ഫാത്തിമ, റഫീല എന്നീ മലയാളികളാണ് അഫ്ഗാൻ ജയിലിലുള്ളത്. ഇവരെ ഇന്ത്യയിലേക്ക് മടങ്ങാൻ അനുവദിക്കില്ലെന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്തിരുന്നു. 2016-18 ലാണ് യുവതികൾ അഫ്ഗാനിസ്ഥാനിലേക്ക് പോയത്. ഇവരുടെ ഭർത്താക്കന്മാർ യുഎസ് വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടിരുന്നു.

Read More: മുറിയില്‍ കട്ടില്‍പോലുമില്ല, സജിതയെ മറ്റെവിടെയോയാണ് താമസിപ്പിച്ചതെന്ന് റഹ്മാന്റെ മാതാപിതാക്കൾ

തുടരെ തുടരെയുളള വ്യോമാക്രമണങ്ങളിൽ ഐഎസ് തകർന്നതോടെ സ്ത്രീകളും കുട്ടികളുമടക്കം ഐഎസ് കേന്ദ്രങ്ങളിലുണ്ടായിരുന്നവർ കീഴടങ്ങി. 13 രാജ്യങ്ങളിൽനിന്നായി 408 പേരെ അഫ്ഗാനിസ്ഥാൻ ജയിലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് 2017 ഏപ്രിലിൽ നാഷണൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി തലവൻ അഹമ്മദ് സിയ സറാജ് മാധ്യമങ്ങളോടു പറഞ്ഞു. ഇക്കൂട്ടത്തിൽ നാലു പേർ ഇന്ത്യക്കാരും, 16 ചൈനക്കാർ, 299 പാക്കിസ്ഥാനികൾ, രണ്ടു ബംഗ്ലാദേശികൾ, രണ്ടു മാലിദ്വീപ് സ്വദേശികളുമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇവരെ അവരവരുടെ രാജ്യങ്ങളിലേക്ക് മടക്കി അയക്കുന്നതിനായി 13 രാജ്യങ്ങളുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Nimisha fathima mother response to india unlikely to allow return of 4 kerala women513685