തൊടുപുഴ: വരയാടുകളുടെ ആവാസ കേന്ദ്രമായ ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ വരയാടുകളുടെ കണക്കെടുപ്പ് തുടങ്ങി. അഞ്ച് ദിവസം നീളുന്ന വാര്‍ഷിക കണക്കെടുപ്പ് കഴിഞ്ഞ ശനിയാഴ്‌ചയാണ് തുടങ്ങിയത്. 30-നാണ് കണക്കെടുപ്പു സമാപിക്കുക. പതിവിനു വിപരീതമായി ഇത്തവണ ഏറെ വൈകിയാണ് വരയാടുകളുടെ കണക്കെടുപ്പു നടക്കുന്നത്.
വരയാടുകള്‍ ധാരാളമായി കാണപ്പെടുന്ന ഇരവികുളം ദേശീയോദ്യാനത്തിലെ 13 ബ്ലോക്കുകളിലും, ചിന്നാര്‍ വന്യജീവി സങ്കേതം, ഷോല നാഷണല്‍ പാര്‍ക്ക്, മൂന്നാര്‍ ടെറിട്ടോറിയല്‍, മറയൂര്‍, മാങ്കുളം, കൊളുക്കമല, മീശപ്പുലിമല, എന്നിവിടങ്ങളിലെ 18 ബ്ലോക്കുകളിലുമായാണ് വനംവകുപ്പിലും പുറത്തുനിന്നുമുള്ള വിദഗ്ധര്‍ വരയാടുകളുടെ കണക്കെടുപ്പ് നടത്തുന്നത്. ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെ നടത്തുന്ന കണക്കെടുപ്പിന് കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ ഡോക്ടര്‍ പി.എസ്.ഈസയാണ് നേതൃത്വം നൽകുന്നത്. കണക്കെടുപ്പില്‍ വനം വകുപ്പ് ജീവനക്കാര്‍, കേരള ഫോറസ്ട്രി കോളേജില്‍ നിന്നുളള വിദ്യാര്‍ഥികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെട്ട 71 അംഗ സംഘം പങ്കെടുക്കും.
കഴിഞ്ഞ വര്‍ഷത്തെ കണക്കെടുപ്പില്‍ 850 വരയാടുകളെയാണ് ഇവിടെ നിന്നു കണ്ടെത്തിയത്. പ്രജനന കാലത്തിന്റെ ഭാഗമായി മൂന്നുമാസത്തോളം അടച്ചിട്ടിരുന്ന പാര്‍ക്ക് ഏപ്രില്‍ 15 നാണ് വീണ്ടും സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തത്. ഇത്തവണ പുതുതായി 65 പുതിയ വരയാടിന്‍ കുട്ടികള്‍ ഇരവികുളത്തു പിറന്നതായാണ് വനംവകുപ്പിന്റെ പ്രാഥമിക കണക്ക്. നേരത്തേ നിര്‍ദിഷ്ട നീലക്കുറിഞ്ഞി സങ്കേതത്തിന്റെ ഭാഗമായ കടവരി, കമ്പക്കല്ല് മേഖലകളില്‍ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ ഡോക്ടര്‍ പി.എസ്.ഈസയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ വരയാടുകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഈ മേഖലളില്‍ കാണുന്ന വരയാടുകളെ സംരക്ഷിക്കേണ്ടതുണ്ടെന്നും ഇതിനായി അടിയന്തിര നടപടികള്‍ വേണമെന്നും ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ കുറിഞ്ഞി സങ്കേതത്തിന്റെ ഭാഗമായുള്ള പ്രദേശങ്ങള്‍ വരയാടുകളുടെ കണക്കെടുപ്പില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
വരയാടുകളുടെ ഇന്ത്യയിലെ ഏറ്റവും വലിയ സംരക്ഷണ കേന്ദ്രമായ ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ 700 മുതല്‍ 800 വരെ വരയാടുകളുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. അപൂര്‍വ സസ്യങ്ങളുടെയും പുല്‍മേടുകളുടെയും കേന്ദ്രം കൂടിയാണ് ഇരവികുളം നാഷണല്‍ പാര്‍ക്ക്. പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടി സ്ഥിതി ചെയ്യുന്നതും ഇരവികുളം നാഷണല്‍ പാര്‍ക്കിലാണ്. സമുദ്രനിരപ്പില്‍ നിന്നു 2695 മീറ്റര്‍ ഉയരത്തിലാണ് ആനമുടി സ്ഥിതിചെയ്യുന്നത്. 97 ചതുരശ്ര കീലോമീറ്ററിലാണ് ഇരവികുളം നാഷണല്‍ പാര്‍ക്ക് വ്യാപിച്ചുകിടക്കുന്നത്.
വരയാടുകളെ കാണാനായി ഇരവികുളം നാഷണല്‍ പാര്‍ക്കിലേക്കു സഞ്ചാരികളുടെ പ്രവാഹമാണ്. അടുത്ത രണ്ടുമാസത്തിനുള്ളില്‍ ഇരവികുളം നാഷണല്‍ പാര്‍ക്കുള്‍പ്പെടുന്ന പ്രദേശങ്ങളില്‍ വസന്തം വിരിയിച്ച് നീലക്കുറിഞ്ഞികള്‍ പൂക്കും. ജൂലൈ അവസാന വാരത്തില്‍ തുടങ്ങുന്ന നീലക്കുറിഞ്ഞി സീസണ്‍ മൂന്നുമാസം നീളുമെന്നാണ് പ്രതീക്ഷിക്കുന്നത്. പത്തുലക്ഷത്തോളം സഞ്ചാരികള്‍ നീലക്കുറിഞ്ഞി പൂക്കാലം കാണാനെത്തുമെന്നാണ് സര്‍ക്കാരിന്റെ കണക്ക്.