scorecardresearch
Latest News

ഈ സാധുക്കളുടെ കണ്ണീർ കാണാൻ വയ്യ; തൊണ്ടയിടറി, കണ്ണ് നിറഞ്ഞ് പി.വി അൻവർ

പിവി അന്‍വര്‍ എം.എല്‍.എയുടെ പ്രസംഗം ഇതിനോടകം സാമൂഹികമാധ്യമങ്ങളിലും വൈറലായിട്ടുണ്ട്.

PV Anvar, PV Anwar, പി.വി അൻവർ, PV Anvar MLA, പി.വി അൻവർ എംഎൽഎ, Nilambur MLA, നിലമ്പൂർ എംഎൽഎ, Kavalappara, കവളപ്പാറ, Kerala Floods, കേരളത്തിൽ പ്രളയം, iemalayalam, ഐഇ മലയാലം

നിലമ്പൂര്‍: കേരളം വീണ്ടും ഒരു പ്രളയത്തെ അഭിമുഖീകരിച്ചപ്പോൾ ഏറ്റവുമധികം നാശ നഷ്ടങ്ങൾ നേരിട്ടത് വയനാട് ജില്ലയിലെ മേപ്പാടി പുത്തുമലയിലും നിലമ്പൂരെ കവളപ്പാറയിലുമായിരുന്നു. കവളപ്പാറ ഉൾപ്പെടെ നിലമ്പൂരിലെ പ്രളയ ഭൂമിയിൽ ആദ്യ ദിനം മുതൽ തന്നെ രക്ഷാ പ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനത്തിലും മുന്നിലുണ്ടായിരുന്നു നിലമ്പൂർ എംഎൽഎ പി.വി അൻവ. ഇപ്പോഴിതാ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് അദ്ദേഹം വ്യക്തിപരമായ നിലയില്‍ പത്തുലക്ഷം രൂപ സഹായം പ്രഖ്യാപിച്ചിരിക്കുന്നു.

വ്യാഴാഴ്ച വൈകുന്നേരം നിലമ്പൂര്‍ പോത്തുകല്ല് ബസ് സ്റ്റാന്‍ഡില്‍ നടന്ന ദുരിതാശ്വാസ പ്രവര്‍ത്തന സര്‍വകക്ഷിയോഗത്തിലാണ് പി.വി അൻവർ എംഎല്‍എ തന്റെ സ്വന്തംനിലയിലുള്ള സഹായം പ്രഖ്യാപിച്ചത്. യോഗത്തില്‍ പ്രസംഗിക്കുന്നതിനിടെ അദ്ദേഹം വിതുമ്പിക്കൊണ്ട് പ്രസംഗം പാതിയില്‍ അവസാനിപ്പിക്കുകയും ചെയ്തു.

“ഈ പ്രയാസങ്ങള്‍ കഴിഞ്ഞ അഞ്ചാറു ദിവസങ്ങളായി നേരില്‍ക്കാണുകയാണ്. എന്തുചെയ്യണം എന്തുപറയണമെന്ന് അറിയില്ല. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവരുടെ കണ്ണീര്‍ കാണാന്‍ കഴിയില്ല. ജീവിതത്തില്‍ സമ്പാദിച്ചതെല്ലാം ഒരു രാത്രികൊണ്ട് നഷ്ടപ്പെട്ട ഈ സാധുക്കളോട് ഒരു എംഎല്‍എ എന്ന നിലയില്‍ എന്ത് നിങ്ങൾക്ക് ചെയ്തു തരുമെന്ന് പറയാൻ കഴിയാതെ വീര്‍പ്പുമുട്ടുകയാണ്”, അദ്ദേഹം പറഞ്ഞു. ഇതിനിടെ വേദിയില്‍ വിങ്ങിപ്പൊട്ടിയ അദ്ദേഹം തന്റെ സഹായം പ്രഖ്യാപിച്ചും സഹായം അഭ്യര്‍ഥിച്ചും എല്ലാ കാര്യങ്ങൾക്കും കൂടെ ഉണ്ടാകുമെന്നും പറഞ്ഞ് പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു. പിവി അന്‍വര്‍ എം.എല്‍.എയുടെ പ്രസംഗം ഇതിനോടകം സാമൂഹികമാധ്യമങ്ങളിലും വൈറലായിട്ടുണ്ട്.

അതിശക്തമായ മണ്ണിടിച്ചിലിൽ കവളപ്പാറ പ്രദേശം മുഴുവനായും മണ്ണിനടിയിലായി. കവളപ്പാറയിൽ ഇതുവരെ 33 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്നലെ നടത്തിയ തിരച്ചിലിൽ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഇനിയും 26 പേരെ കണ്ടെത്താനുണ്ട്.

അതേസമയം മേപ്പാടിയിലെ പുത്തുമലയിൽ കഴിഞ്ഞ ദിവസം നടന്ന തിരച്ചിലിലും ആരെയും കണ്ടെത്താനായില്ല. ഇനിയും ഏഴ് പേരെയാണ് പുത്തുമലയിൽ കണ്ടെത്താനുള്ളത്. ഇന്ന് രാവിലെ വീണ്ടും തിരച്ചില്‍ ആരംഭിക്കും. അതേസമയം, മനുഷ്യസാധ്യമായ എല്ലാ രീതിയിലുള്ള പ്രവര്‍ത്തനങ്ങളും നടത്തുമെന്ന് മന്ത്രി കെകെ ശൈലജ അറിയിച്ചു. ഇതുവരെ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ കാണാതായവരുടെ ബന്ധുക്കള്‍ക്ക് ജില്ലാ ഭരണകൂടം വിശദീകരിച്ചു കൊടുത്തു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Nilambur mla pv anvar emotional speech kerala floods