തിരുവനന്തപുരം: പോലീസ് വെടിവയ്പ്പില്‍ നിലമ്പൂരിൽ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന പോലീസ് മേധാവിക്ക് വേണ്ടി മനുഷ്യാവകാശ കമ്മീഷനില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കമ്മീഷനെ അവഗണിക്കുന്നതും സൂപ്രീംകോടതി നിര്‍ദ്ദേശങ്ങളെ ധിക്കരിക്കുന്നതുമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
തങ്ങളുടെ അധികാരപരിധിയിലെ ഏറ്റുമുട്ടല്‍ സംഭവങ്ങളെ കുറിച്ച് സംസ്ഥാന പോലീസ് മേധാവിമാര്‍ എല്ലാവര്‍ഷവും ജനുവരി 15 നും ജൂലൈ 15 നും ദേശീയ മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിക്കേണ്ട അര്‍ധവാര്‍ഷിക റിപ്പോര്‍ട്ട് കേരളം സമര്‍പ്പിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ലെന്നും കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവില്‍ നിരീക്ഷിച്ചു. റിപ്പോര്‍ട്ട് അയച്ചിട്ടുണ്ടെങ്കില്‍ 2017 ജനുവരിയില്‍ നല്‍കിയതിന്റെ പകര്‍പ്പ് ഹാജരാക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.
ഏറ്റുമുട്ടല്‍ മരണങ്ങളില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് സുപ്രീംകോടതി 2014-ല്‍ ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനില്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി ഹാജരാക്കിയ റിപ്പോര്‍ട്ടില്‍ ദേശീയ കമ്മീഷന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ബാധകമല്ലെന്നാണ് മറുപടി നല്‍കിയത്. ഇതു സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് സംസ്ഥാന കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ടില്‍ ഇക്കാര്യം പരാമര്‍ശിച്ചിട്ടില്ല.
ഏറ്റുമുട്ടല്‍ ദൗത്യത്തില്‍ പങ്കാളികളായിരുന്നവരുടെ പദവിയും ചുമതലകളും അറിയിക്കാന്‍ സംസ്ഥാന കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടും അറിയിച്ചില്ല.
സംസ്ഥാന പോലീസ് മേധാവിക്കുവേണ്ടി മേയ് 16 ന് സംസ്ഥാന കമ്മീഷനില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എഫ്.ഐ.ആറും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും അയക്കുന്നതായി അവകാശപ്പെട്ടിട്ടുണ്ടെങ്കിലും എഫ്.ഐ.ആറിന്റെ പകര്‍പ്പ് അയച്ചിട്ടില്ല. സംസ്ഥാന പോലീസ് മേധാവിയുടെ പേരില്‍ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ട് അപൂര്‍ണമാണെന്ന് കമ്മീഷന്‍ അംഗം കെ.മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരിച്ച സ്ത്രീയുടെ ശരീരത്തില്‍ 29 മുറിവുകള്‍ ഉണ്ട്. ഏറ്റുമുട്ടല്‍ അനുവാര്യമായിരുന്നോ എന്ന് പരിശോധിക്കേണ്ടത് കമ്മീഷന്റെ ചുമതലയാണ്.
ഉത്തരവ് ലഭിച്ച് മൂന്നാഴ്ചക്കകം ഏറ്റുമുട്ടലില്‍ പോലീസ് ദൗത്യസേനയെ നയിച്ച പ്രധാന ഉദേ്യാഗസ്ഥരുടെ വിവരവും ബലപ്രയോഗം സംബന്ധിച്ച എഫ്.ഐ.ആര്‍ ഉള്‍പ്പെടെയുള്ള രേഖകളും കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം ഉയര്‍ന്ന റാങ്കിലുള്ള ഉദേ്യാഗസ്ഥന്‍ നടത്തി അന്വേഷണത്തിന്റെ റിപ്പോര്‍ട്ടും മനുഷ്യാവകാശ കമ്മീഷന്‍ ആസ്ഥാനത്ത് എത്തിക്കണം. സംസ്ഥാന പോലീസ് മേധാവി നേരിട്ട് ഇക്കാര്യം ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു. പൊതുപ്രവര്‍ത്തകനായ പി.കെ രാജു നല്‍കിയ കേസിലാണ് നടപടി. കേസ് ജൂണ്‍ 23 ന് തിരുവനന്തപുരം ക്യാമ്പ് കോടതിയില്‍ പരിഗണിക്കും.
2016 നവംബർ 24 നാണ് നിലമ്പൂരിലെ കരുളായി വനമേഖലയിൽ സി പി ഐ മാവോയിസ്റ്റ് നേതാക്കളായ കുപ്പുദേവരാജും അജിതയും പൊലീസ് വെടിവെയ്പിൽ കൊല്ലപ്പെട്ടത്. ഇത് ആദ്യം ഏറ്റുമുട്ടൽ സംഭവമാണെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇത് സംബന്ധിച്ച പൊലീസ് നടപടികൾ കടുത്ത വിമർശനത്തിന് ഇടയായി. മാവോയിസ്റ്റുകളെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തിന് ശേഷം അവരുടെ മൃതദേഹം സംസ്കരിക്കുന്നതിനായി കൊണ്ടുപോകുന്നയിടത്തും പൊലീസ് ഇടപടൽ വിവാദം സൃഷ്ടിച്ചു. മാവൂർ റോഡിൽ സംസ്കാരചടങ്ങിനെത്തിയ കുപ്പുദേവരാജിന്റെ സഹോദരൻ ശ്രീധറിനെ യൂണിഫോമിലില്ലാത്ത കോഴിക്കോട് എ സി പി പ്രേമദാസ് കൈയേറ്റം ചെയ്തത് വീണ്ടും വിവാദമായി. ഈ വിഷയത്തിലും മനുഷ്യാവകാശ കമ്മീഷനിൽ പരാതി ഉണ്ടായിരുന്നു. വർഗീയ സംഘർഷം ഒഴിവാക്കാനാണ് കുപ്പുദേവരാജിന്റെ സഹോദരനെതിരെ നടപടിവേണ്ടിവന്നതെന്നായിരുന്നു പൊലീസിന്റെ വാദം.