കണ്ണൂർ: നിലമ്പൂരിൽ പൊലീസ് വെടിവെയ്പ്പിൽ അജിത, കുപ്പു ദേവരാജ് എന്നിവർക്ക് പുറമേ മാവോയിസ്റ്റ് മഞ്ജുവും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സിപിഐ(മാവോയിസ്റ്റ്) മുഖപത്രമായ കമ്യൂണിസ്റ്റിന്റെ ആദ്യ ലക്കത്തിൽ ഇത് സംബന്ധിച്ച് വിശദീകരിക്കുന്നതായി മലയാള മനോരമയാണ് റിപ്പോർട്ട് ചെയ്തത്.
നിലമ്പൂർ കരുളായി വനത്തിൽ ഇക്കഴിഞ്ഞ നവംബർ 24 നാണ് കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ടത്. സംഭവത്തിൽ ആദ്യം മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞിരുന്നെങ്കിലും പിന്നീടിത് രണ്ട് മാവോയിസ്റ്റുകൾ മാത്രമേ കൊലപ്പെട്ടിട്ടളളൂ എന്ന് പൊലീസ് തിരുത്തി. ഏറ്റുമുട്ടലിലാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞിരുന്നെങ്കിലും അത് വിശ്വനീയമായിരുന്നില്ലെന്ന് പൊതുജനാഭിപ്രായം ഉയർന്നിരുന്നു.
അതേസമയം വെടിയേറ്റ് മഞ്ജു കൊല്ലപ്പെട്ട ഉടൻ തന്നെ ഇവരുടെ മൃതദേഹം ഇവിടെ നിന്ന് സംഘത്തിലുണ്ടായിരുന്ന മറ്റ് മാവോയിസ്റ്റുകൾ നീക്കിയതാകാമെന്ന് പൊലീസ് സംശയിക്കുന്നുണ്ടെന്ന് മനോരമയുടെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ അവരുടെ മുഖപത്രമെന്ന പേരിൽ പുറത്തു വന്നിട്ടുളള “കമ്യൂണിസ്റ്റ്” മുഖപ്രസംഗത്തിൽ അങ്ങനെയുളള അവകാശവാദങ്ങളൊന്നും പറയുന്നില്ല. അതേ സമയം വെടിവെയ്പിൽ മൂന്നാമതൊരാൾക്കു കൂടി വെടിയേറ്റിരുന്നുവെന്നും അന്ന് തന്നെ വാർത്തകൾ പടർന്നിരുന്നു. എന്നാൽ ഇത് സ്ഥിരീകരിക്കാൻ പൊലീസ് തയ്യാറായിരുന്നില്ല.

കമ്യൂണിസ്റ്റ് എന്ന മുഖപത്രത്തിന്റെ ചുമതല വഹിച്ചിരുന്നത് അജിതയും മഞ്ജുവുമായിരുന്നു. എന്നാൽ ഈ ജോലികൾ പൂർത്തീകരിക്കുന്നതിനിടയിലാണ് പൊലീസ് വെടിവെയ്പിൽ ഇവർ കൊലപ്പെട്ടതെന്ന് മാവോയിസ്റ്റ് മുഖപത്രം പറയുന്നു. ഈ സംഭവത്തോടെ അവരെഴുതിയ ലേഖനങ്ങൾ നഷ്ടമായെന്നും അവസാനം ലഭ്യമായ ലേഖനങ്ങൾ വച്ച് മാസിക പ്രസിദ്ധീകരിക്കുകയാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു. ആദ്യലക്കം രക്തസാക്ഷികളായ ഇവർക്ക് സമർപ്പിക്കുയാണെന്നും മുഖപ്രസംഗം പറയുന്നു.
എന്നാൽ നിലമ്പൂർ വനത്തിൽകൊലപ്പെട്ട കുപ്പുദേവരാജ് അറിയപ്പെട്ടിരുന്ന പേരാണ് മഞ്ചുവെന്നും രണ്ടുപേർ മാത്രമേ കൊല്ലപ്പെട്ടിട്ടുളളൂവെന്നും എന്നുളള സൂചനകളുമുണ്ട്