മലപ്പുറം: കഴിഞ്ഞ ദിവസം അതിശക്തമായ മഴയില്‍ വിറങ്ങലിച്ചു നിന്ന നിലമ്പൂരില്‍ നിന്ന് ആശ്വാസ വാര്‍ത്തകള്‍ പുറത്തുവരുന്നു. മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. നിലമ്പൂരില്‍ രണ്ട്-മൂന്ന് അടി താഴ്ചയോളം വെള്ളം ഇറങ്ങിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് സഹായകരമാകുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. വെള്ളം ക്രമാതീതമായി ഉയര്‍ന്നതിനാല്‍ കഴിഞ്ഞ ദിവസം രക്ഷാപ്രവര്‍ത്തനങ്ങള്‍ വേണ്ട രീതിയില്‍ നടന്നിരുന്നില്ല.

അതേസമയം, നിലമ്പൂരില്‍ ഇപ്പോഴും ഭീഷണിയായി നില്‍ക്കുന്നത് ഉരുള്‍പ്പൊട്ടല്‍ സാധ്യതകളാണ്. ഉരുള്‍പ്പൊട്ടല്‍ ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. കവളപ്പാറയിൽ ഉരുൾപൊട്ടലുണ്ടായ ഭാഗത്ത്‌ രക്ഷാപ്രവർത്തനം ദ്രുതഗതിയിൽ തന്നെ പുരോഗമിക്കുന്നു.
ആളപായങ്ങൾ സംശയിക്കുന്നുണ്ടെങ്കിലും, നിലവിൽ അനിഷ്ട സംഭവങ്ങൾ ഒന്നും റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടില്ല.

മഴയുടെ ശക്തി കഴിഞ്ഞ ദിവസങ്ങളിലേതിനെ അപേക്ഷിച്ച്‌ കുറഞ്ഞിട്ടുണ്ട്‌. നിലമ്പൂർ ടൗണിൽ ഉൾപ്പെടെ 2-3 അടി താഴ്ചയിൽ വെള്ളം ഇറങ്ങിയിട്ടുണ്ട്‌. ഉരുൾപൊട്ടൽ ഭീഷണി ഉള്ളതിനാൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയം എന്ന് പറയാൻ കഴിയില്ല എന്ന് എംഎൽഎ പി.വി.അൻവർ പറഞ്ഞു. വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സ്ഥലങ്ങളിലെ ജനങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക്‌ എത്രയും വേഗം മാറേണ്ടതാണെന്ന് എംഎൽഎ അൻവർ പറഞ്ഞു.

Read Also: മഴ കൂടുതൽ ശക്തിപ്രാപിക്കും; പുതിയ ന്യൂനമർദ്ദത്തിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് കൂടുതല്‍ ഡാമുകള്‍ തുറക്കുന്നു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മണിയാർ ഡാമിന്റെ അഞ്ച് ഷട്ടറുകൾ തുറന്നു. പമ്പാ നദിയുടെയും കക്കാട് ആറിന്റെയും തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കലക്ടർ പി.ബി.നൂഹ് അറിയിച്ചു. ബാണാസുര സാഗർ ഡാമിൽ ഷട്ടർ തുറക്കുന്നതിന് മുന്നോടിയായി നീല ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണം. പത്തനംതിട്ടയിൽ നദികൾ കരകവിഞ്ഞൊഴുകുകയാണ്.

നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ അരുവിക്കര ഡാമില്‍നിന്നും കൂടുതല്‍ ജലം പുറത്തേക്ക് ഒഴുക്കും. ഇപ്പോള്‍ 15 സെ.മി.ആണ് ഷട്ടര്‍ ഉയര്‍ത്തിയിട്ടുള്ളത്. ഇത് 35 സെ.മി. ആയി ഉയര്‍ത്തും. കരമനയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. മഴ ശക്തമായി തുടരുകയും ഡാമുകളിലെ ജലനിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജലസേചന വകുപ്പ് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. വാളയാർ ഡാം തുറന്നിട്ടുണ്ട്. പരിസരവാസികൾ ജാഗ്രത പാലിക്കണം.

ശക്തമായ മഴ കാരണം പഴശ്ശി ഡാം അതിവേഗം നിറഞ്ഞു കൊണ്ടിരിക്കുകയാണ്. ജലനിരപ്പ് അപകടമായ വിധം ഉയരുന്നതിനാൽ പഴശ്ശി റിസർവോയറിന്റെയും വളപട്ടണം പുഴയുടെയും കരയിൽ താമസിക്കുന്നവരും പഴശ്ശി ഡാമിന്റെ കൈവഴികൾക്കു സമീപത്തു ഉള്ളവരും അതീവ ജാഗ്രത പാലിക്കേണ്ടതാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.