മലപ്പുറം: കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ (ഐഎഫ്എഫ്കെ) നിലമ്പൂർ മേഖലാ മേള ഉദ്ഘാടനം ചെയ്യുന്നതിൽനിന്ന് സംവിധായകൻ കമലിനു വിലക്ക്. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി മലപ്പുറം കലക്ടർ അമിത് മീണയാണ് പരിപാടിയിൽ കമൽ പങ്കെടുക്കരുതെന്ന് ഉത്തരവിട്ടിരിക്കുന്നത്. മേളയ്ക്ക് ഇന്ന് തിരിതെളിയാനിരിക്കെയാണ് കലക്ടറുടെ ഉത്തരവ്

സംസ്ഥാന സർക്കാരിനു കീഴിലുളള അക്കാദമിയാണ് അന്താരാഷ്ട്ര ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്. മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തിൽ, ചലച്ചിത്ര അക്കാദമി ചെയർമാനായ കമൽ മേള ഉദ്ഘാടനം ചെയ്യുന്നത് ചട്ടലംഘനമാകുമെന്നു ചൂണ്ടിക്കാട്ടി മുസ്‍ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി കെ.എൻ.എ.ഖാദറാണ് പരാതിയുമായി ജില്ലാ ഭരണകൂടത്തെ സമീപിച്ചത്. ഈ പരാതി പരിഗണിച്ചാണ് കലക്ടർ നടപടി സ്വീകരിച്ചത്.

മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പിന് തീയതി പ്രഖ്യാപിച്ചതു മുതൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നിരുന്നു. ഇ.അഹമ്മദിന്റെ നിര്യാണത്തെത്തുടർന്ന് ഒഴിവുവന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അടുത്ത മാസം 12നാണ് തിരഞ്ഞെടുപ്പ്. 17ന് ഫലമറിയാം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ