/indian-express-malayalam/media/media_files/uploads/2023/06/kh-babujan.jpg)
കെ.എച്ച്.ബാബുജാൻ
ആലപ്പുഴ: നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രി വിവാദത്തിൽ മറച്ചുവയ്ക്കാൻ ഒന്നുമില്ലെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എച്ച്.ബാബുജാൻ. നിഖിൽ തെറ്റു ചെയ്തെന്ന് വ്യക്തമായല്ലോ?. കേരള സർവകലാശാലയിൽനിന്ന് വിവരങ്ങൾ തേടിയിട്ടുണ്ട്. അതിനുശേഷം കൃത്യമായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എംഎസ്എം കോളേജിൽ നിഖിൽ തോമസിന് പ്രവേശനം കിട്ടാനായി താൻ ഇടപെട്ടിട്ടില്ലെന്ന് ബാബുജാൻ ഇന്നലെ സിപിഎം ജില്ലാ കമ്മിറ്റിയിൽ വിശദീകരിച്ചിരുന്നു. കോളേജിൽ നിഖിൽ തോമസിന് എംകോമിന് അഡ്മിഷൻ കിട്ടാൻ വഴിവിട്ട് സഹായിച്ചത് ബാബുജാനാണെന്നാണ് ആരോപണം.
അതിനിടെ, ഒളിവിൽ പോയ നിഖിൽ തോമസിനെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ശക്തമാക്കിയിട്ടുണ്ട്. നിഖിലിനെ കണ്ടെത്താൻ പൊലീസ് കായംകുളം സിഐയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. നിഖിലിന്റെ അടുത്ത സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്തു.
നിഖിലിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. തിങ്കളാഴ്ച തിരുവനന്തപുരത്താണ് അവസാനം ലൊക്കേഷന്‍ കാണിക്കുന്നത്. തിരുവനന്തപുരത്ത് എത്തിയ ശേഷമാണ് നിഖിൽ ഒളിവിൽ പോയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന് പ്രവേശനം നൽകാൻ ശുപാർശ ചെയ്തത് സിപിഎം നേതാവെന്ന് എംഎസ്എം കോളേജ് മാനേജർ ഹിലാൽ ബാബു ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നേതാവിന്റെ പേര് വെളിപ്പെടുത്തില്ല. അയാളുടെ രാഷ്ട്രീയ ഭാവി പോകുമെന്നതിനാലാണ് പേര് പറയാത്തത്. രാഷ്ട്രീയത്തിൽ സജീവമായി നിൽക്കുന്ന നേതാവാണ് നിഖിലിനായ് ശുപാർശ ചെയ്തത്. ഇതേ വ്യക്തി ഇതിനു മുൻപും സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തെ തുടർന്ന് കായംകുളം മുന്‍ ഏരിയാ സെക്രട്ടറി നിഖില്‍ തോമസിനെ എസ്എഫ്‌ഐ പുറത്താക്കിയിരുന്നു. നിഖിലിനെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കിയതായി എസ്എഫ്‌ഐ നേതൃത്വം പ്രസ്താവനയില്‍ അറിയിച്ചു. എംകോം പ്രവേശനത്തിന് മാഫിയ സംഘത്തിന്റെ സഹായത്തോടെ നിഖില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നും എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ഒരിക്കലും ചെയ്യരുതാത്ത കാര്യമാണ് നിഖില്‍ ചെയ്തതെന്നും എസ്എഫ്‌ഐ വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.