/indian-express-malayalam/media/media_files/uploads/2023/06/Nikhil-Thomas.jpg)
നിഖിൽ തോമസ്
ആലപ്പുഴ : നിഖില്‍ തോമസിന്റെ വീട്ടിൽനിന്ന് കലിംഗ യൂണിവേഴ്‌സിറ്റിയുടെ പേരിലുള്ള വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റും ബികോം ഫസ്റ്റ് ക്ലാസില്‍ പാസായെന്ന വ്യാജ മാര്‍ക്ക് ലിസ്റ്റും കണ്ടെടുത്തു. തെളിവെടുപ്പിനായി നിഖിലിനെ വീട്ടില്‍ കൊണ്ടുവന്നപ്പോഴാണ് രേഖകൾ കണ്ടെടുത്തത്. കേസിലെ നിർണായക രേഖകളാണിത്.
മുന്‍ എസ്എഫ്‌ഐ നേതാവായ അബിന്‍ സി രാജ് കൊച്ചിയിലെ ഏജന്‍സി വഴി രണ്ടു ലക്ഷം രൂപയ്ക്ക് തനിക്ക് കലിംഗ സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നല്‍കിയെന്നാണ് നിഖിലിന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ അബിനും കേസിൽ പ്രതിയാണ്.
വ്യാജ സര്‍ട്ടിഫിക്കറ്റിനായി അബിന് നിഖില്‍ 2 ലക്ഷം രൂപ കൈമാറിയതായി പൊലീസിനു തെളിവ് ലഭിച്ചിരുന്നു. 2020 ല്‍ നിഖിലിന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് ഇയാളുടെ അക്കൗണ്ടിലേക്ക് 2 ലക്ഷം രൂപ അയച്ചതായി കണ്ടെത്തിയിട്ടുണ്ട്. എസ്എഫ്‌ഐ കായംകുളം ഏരിയ പ്രസിഡന്റായിരുന്ന ഇയാള്‍ ഇപ്പോള്‍ മാലിദ്വീപില്‍ അധ്യാപകനാണ്. ഇയാളെ നാട്ടിലെത്തക്കാനുള്ള ശ്രമം പൊലീസ് തുടങ്ങിയിട്ടുണ്ട്.
നിഖിൽ തോമസിനെ കഴിഞ്ഞ ദിവസം കോട്ടയം സ്റ്റാൻഡിൽ വച്ച് കെ എസ് ആർ ടി സി ബസിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കായംകുളം സിഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് നിഖിലിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ നിഖിലിനെ ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
എസ്.എഫ്.ഐ. കായംകുളം മുന്‍ ഏരിയാ സെക്രട്ടറിയാണ് നിഖില്‍. 2018-2019-ല്‍ കേരള സര്‍വകലാശാല യൂണിയന്‍ ജോയന്റ് സെക്രട്ടറിയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.