scorecardresearch

രാത്രികളെല്ലാം ഞങ്ങളുടേത് കൂടി; നഗരങ്ങള്‍ കീഴടക്കി പെണ്‍കരുത്ത്

വിവിധ ജില്ലകളിലായി 8,000 ത്തോളം വനിതകൾ പങ്കെടുത്തതായി വനിതാ ശിശു വികസന വകുപ്പ് അറിയിച്ചു

രാത്രികളെല്ലാം ഞങ്ങളുടേത് കൂടി; നഗരങ്ങള്‍ കീഴടക്കി പെണ്‍കരുത്ത്

തിരുവനന്തപുരം: ‘പൊതുയിടം എന്റേതും’ എന്ന പ്രഖ്യാപനവുമായി സംസ്ഥാനത്ത് നടത്തിയ വനിതകളുടെ രാത്രി നടത്തം ചരിത്രമായി. ഇന്നലെ അര്‍ധരാത്രിയില്‍ നടന്ന പരിപാടിയില്‍ 8,000 ത്തോളം സ്ത്രീകള്‍ പങ്കെടുത്തു. രാത്രി 11 മുതൽ പുലർച്ചെ ഒന്ന് വരെയാണ് രാത്രി നടത്തം സംഘടിപ്പിച്ചത്. വനിതാ ശിശു വികസന വകുപ്പ് നേതൃത്വം വഹിച്ച രാത്രി നടത്തത്തിലേക്ക് പ്രതീക്ഷിച്ചതിലും അധികം വനിതകളെത്തി. വിവിധ ജില്ലകളിലായി 8,000 ത്തോളം വനിതകൾ പങ്കെടുത്തതായി വനിതാ ശിശു വികസന വകുപ്പ് അറിയിച്ചു.

സിനിമാതാരങ്ങള്‍, എഴുത്തുകാര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ പിന്തുണയുമായി രാത്രി നടത്തത്തിനെത്തി. സംസ്ഥാനത്ത് 100 സ്ഥലങ്ങളിലാണ് രാത്രിനടത്തം സംഘടിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും വിവിധ മുന്‍സിപ്പാലിറ്റികളും പഞ്ചായത്തുകളും മുന്നോട്ടു വന്നതിനാല്‍ അവരെക്കൂടി ഉള്‍പ്പെടുത്തി. അങ്ങനെ 250 ഓളം സ്ഥലങ്ങളിലാണ് രാത്രി നടത്തം സംഘടിപ്പിച്ചത്.

തിരുവനന്തപുരത്തെ രാത്രി നടത്തത്തിൽ നിന്ന്, ഫൊട്ടോ: പിആർഡി

ഏറ്റവും അധികംപേര്‍ രാത്രി നടന്നത് തൃശൂര്‍ ജില്ലയിലാണ്. തൃശൂരില്‍ 47 സ്ഥലങ്ങളിലാണ് രാത്രി നടത്തം സംഘടിപ്പിച്ചത്. ഏറ്റവും കുറവ് ഇടുക്കി ജില്ലയിലാണ്. ഇടുക്കിയില്‍ 2 സ്ഥലങ്ങളിലാണ് രാത്രി നടത്തം സംഘടിപ്പിച്ചത്. ആലപ്പുഴ 23, കൊല്ലം 3, പത്തനംതിട്ട 12, ഇടുക്കി 2, പാലക്കാട് 31, കോഴിക്കോട് 6, കണ്ണൂര്‍ 15, മലപ്പുറം 29, കോട്ടയം 29, എറണാകുളം 27 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ രാത്രി നടത്തത്തിന്റെ സ്ഥലങ്ങള്‍.

Read Also: രാത്രിയുടെ അവകാശികള്‍

തിരുവനന്തപുരം ജില്ലയില്‍ 22 സ്ഥങ്ങളിലാണ് രാത്രി നടത്തം ഉണ്ടായിരുന്നത്. തിരുവനന്തപുരത്ത് മാനവീയം വീഥിയായിരുന്നു പ്രധാന കേന്ദ്രം. സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ, നിര്‍ഭയ സെല്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ സബീന എന്നിവര്‍ നേതൃത്വം നല്‍കി.

കൊച്ചിയിലെ രാത്രി നടത്തത്തിൽ നിന്ന്, ഫോട്ടോ: പിആർഡി

ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സംവിധായിക വിധു വിന്‍സെന്റ്, ബീനപോള്‍, സിനിമ താരം പാര്‍വതി, ദിവ്യ എസ്.അയ്യര്‍ ഐഎഎസ്, അസി.കളക്ടര്‍ അനു കുമാരി ഐഎഎസ്, എഴുത്തുകാരി സി.എസ്.ചന്ദ്രിക, ചീഫ് സെക്രട്ടറിയുടെ ഭാര്യ സോജ ജോസ്, വനിത കമ്മീഷന്‍ അംഗം ഇ.എം.രാധ, വി.സി.ഷാജി എന്‍. കരുണിന്റെ ഭാര്യ അനസൂയ, പ്ലാനിംഗ് ബോര്‍ഡ് അംഗം മൃദുല്‍ ഈപ്പന്‍ എന്നിവര്‍ മാനവിയം വീഥിയിലെ രാത്രി നടത്തത്തില്‍ പങ്കെടുത്തു.

Read Also: Horoscope Today December 30, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

കായംകുളത്ത് പ്രതിഭ എംഎല്‍എ., തൃശൂരില്‍ ഗീത ഗോപി എംഎല്‍എ., വൈക്കത്ത് ആശ എംഎല്‍എ എന്നിവര്‍ പങ്കെടുത്തു. തിരുവനന്തപുരം നഗരത്തില്‍ മാനവീയം വീഥി, സ്റ്റാച്യു, ജഗതി, കൈതമുക്ക്, മണക്കാട്, കിള്ളിപ്പാലം എന്നീ ആറ് സ്ഥലങ്ങളിലുമാണ് രാത്രി നടത്തം തുടങ്ങിയത്. ഈ ആറ് സ്ഥലങ്ങളിലുള്ളവര്‍ ഒരുമിച്ചെത്തുന്ന തമ്പാനൂരില്‍ വിളംബരം, പ്രതിജ്ഞ, കലാപരിപാടികള്‍ എന്നിവ സംഘടിപ്പിച്ചു.

രാത്രി നടത്തം എറണാകുളം ജില്ലയിൽ, ഫൊട്ടോ: പിആർഡി

എറണാകുളത്ത് പാലാരിവട്ടം, പുന്നക്കല്‍ ജംഗ്ഷന്‍, പൊന്‍കര ബസ് സ്റ്റാന്റ്, മറ്റ് മുന്‍സിപ്പാലിറ്റികളിലും രാത്രി നടത്തമുണ്ടായിരുന്നു. കൊച്ചി മേയർ സൗമിനി ജെയിൻ നഗരത്തിലെ രാത്രി നടത്തത്തിന് നേതൃത്വം വഹിച്ചു. ഏത് രാത്രിയിലും ഇറങ്ങി നടക്കാനുള്ള സുരക്ഷിതത്വവും സ്വാതന്ത്ര്യവും സ്ത്രീകൾക്ക് വേണമെന്ന് മേയർ സൗമിനി ജെയിൻ പറഞ്ഞു.

കൊല്ലം സിവില്‍ സ്റ്റേഷന്‍, പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാന്റ്, ആലപ്പുഴ കെഎസ്ആര്‍ടിസി. ബസ് സ്റ്റാന്റ്, ഇടുക്കി തൊടുപുഴ, പാലക്കാട് ഒലവക്കോട് റയില്‍വേ സ്റ്റേഷന്‍, കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍, കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസ്, മലപ്പുറം മഞ്ചേരി മുന്‍സിപ്പാലിറ്റി, കോട്ടയം ഗാന്ധി സ്‌ക്വയര്‍, വയനാട്, കാസര്‍ഗോഡ് തുടങ്ങിയ എല്ലാ ജില്ലകളിലെ ആസ്ഥാനത്തും തെരഞ്ഞെടുക്കപ്പെട്ട നിരവധി സ്ഥലങ്ങളിലും രാത്രി നടത്തം നടന്നു.

തിരുവനന്തപുരത്ത് രാത്രി നടത്തത്തിന് എത്തിയ വനിതകൾ, ടി.വി.അനുപമ സമീപം

പോലീസിന്റേയും ഷാഡോ പോലീസിന്റേയും മറ്റ് വകുപ്പുകകളുടേയും സഹായത്തോടെയാണ് രാത്രി നടത്തം യാഥാര്‍ത്ഥ്യമാക്കിയത്. അത്യാവശ്യ സമയത്ത് വൈദ്യസഹായം ലഭ്യമാക്കുന്നതിന് മെഡിക്കല്‍ സംഘത്തേയും വിവിധ സംഘടനകളില്‍ നിന്നുള്ള വോളന്റിയർമാരെയും ഉള്‍പ്പെടുത്തിയാണ് രാത്രി നടത്തത്തിന്റെ സുരക്ഷിതത്വം ഉറപ്പു വരുത്തിയത്.

സംസ്ഥാനത്ത് സംഘടിപ്പിച്ച വനിതകളുടെ രാത്രിനടത്തം ഏറെ ആത്മവിശ്വാസം നല്‍കിയ പരിപാടിയാണെന്ന് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി.അനുപമ പറഞ്ഞു. ജനങ്ങളില്‍ മാറ്റമുണ്ടാക്കാന്‍ ഇത്തരം പരിപാടികള്‍ ആവശ്യമാണെന്നും അവർ ഇന്ത്യന്‍ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു. “രാത്രിനടത്തത്തിനു വന്ന ഭൂരിഭാഗം സ്ത്രീകള്‍ക്കും ഇതൊരു ആദ്യ അനുഭവമാണ്. പൊതു ഇടം തങ്ങളുടേതു കൂടിയാണെന്ന് പ്രഖ്യാപിക്കുകയാണ് ഇതിലൂടെ ചെയ്തത്. വളരെ പോസിറ്റീവായാണ് സ്ത്രീകളെല്ലാം ഇതിനെ കാണുന്നത്,” അനുപമ പറഞ്ഞു.

Read Also: ജനങ്ങള്‍ക്ക് മാത്രമല്ല പൊലീസിനും ഇതൊരു സന്ദേശമാണ്; രാത്രി നടത്തത്തെക്കുറിച്ച് ടി.വി.അനുപമ

അതേസമയം, പൊലീസ് സുരക്ഷയോടെയാണ് നടന്നതെങ്കിലും ചില മോശം അനുഭവം ഉണ്ടായെന്നാണ് കൊച്ചി സ്വദേശിനി പ്രിയ പറയുന്നത്. പാലാരിവട്ടത്തുനിന്നാണ് നടന്നുതുടങ്ങിയത്. ആദ്യം അവിടെ എത്തിയപ്പോൾ പത്ത്, പന്ത്രണ്ട് പേരെ നടക്കാൻ ഉണ്ടായിരുന്നുള്ളൂ. നല്ല പ്രായമായ ഒരു ചേച്ചിയും ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. സ്ത്രീകൾ കൂട്ടംകൂടി നിൽക്കുന്നതുകണ്ട് അതിലൂടെ നടന്നു പോകുകയായിരുന്ന ഒരു പുരുഷൻ തങ്ങളുടെ അടുത്ത് നിന്ന് സിഗരറ്റ് വലിക്കുകയും മോശമായി നോക്കുകയും ചെയ്‌തു. മാറിനിന്ന് സിഗരറ്റ് വലിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അയാൾ അത് ചെയ്‌തില്ല. കൂട്ടത്തിലുണ്ടായിരുന്ന പ്രായമായ ചേച്ചി അയാളെ ചോദ്യം ചെയ്‌തു. മാറിനിന്ന് സിഗരറ്റ് വലിച്ചൂടെ എന്ന് ചേച്ചി ചോദിച്ചപ്പോൾ അയാൾ കുറേ ന്യായീകരണങ്ങൾ നടത്തുകയാണ് ചെയ്‌തത്. പിന്നീട് എല്ലാവരും ചേർന്ന് ഇത് ചോദ്യം ചെയ്‌തപ്പോഴാണ് അയാൾ പോയതെന്നും പ്രിയ പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Night walk women in kerala streets photos