Latest News

‘പെണ്‍മയ്ക്കൊപ്പം’; സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസിന്റെ രാത്രി നടത്തം

ആലുവയില്‍ നിയമവിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനമാണെന്ന് കെ. സുധകാരന്‍ പറഞ്ഞു

Congress, Protest

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് വനിതകളുടെ രാത്രി നടത്തം സംഘടിപ്പിച്ച് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെപിസിസി). കെപിസിസി ഓഫീസിനു മുന്നില്‍ നിന്നാരംഭിച്ച് മ്യൂസിയത്തിനടുത്ത് കെ. കരുണാകരന്റെ പ്രതിമയ്ക്കു മുന്നില്‍ രാത്രി നടത്തം സമാപിച്ചു. കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു.

“ആലുവയില്‍ നിയമവിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനമാണ്. ആരോപണവിധേയനായ സിഐയെ പോലീസ് ആസ്ഥാനത്ത് കുടിയിരുത്തിയപ്പോള്‍ തന്നെ സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധി വ്യക്തമായിക്കഴിഞ്ഞു,” സുധാകരന്‍ പറഞ്ഞു.

“സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പെന്നു പറഞ്ഞ് അധികാരത്തിലേറിയ പിണറായി സര്‍ക്കാരിന്റെ കീഴില്‍ കേരളത്തിലെമ്പാടും സ്ത്രീകളുടെ നിലവിളിയാണ് ഉയരുന്നത്. സ്ത്രീകള്‍ക്കെതിരെ വാളയാര്‍ മുതല്‍ ഇങ്ങോട്ട് ആലുവ വരെ നീളുന്ന അതിക്രമങ്ങളുടെ പരമ്പരയാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ തെറ്റുതിരുത്തിയില്ലെങ്കില്‍ കേരളം സമരഭൂമികയായി മാറും,” സുധാകരന്‍ പറഞ്ഞു.

‘പെണ്‍മയ്ക്കൊപ്പം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രതിഷേധ സൂചകമായി രാത്രി നടത്തം സംഘടിപ്പിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ദീപ്തിമേരി വര്‍ഗീസ്, അലിപ്പറ്റ ജമീല, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ലക്ഷമി, കേരളാ യൂണിവേഴ്‌സിറ്റി പ്രൊഫ.ഡോ. വിജയലക്ഷമി തുടങ്ങിയവര്‍ തിരുവനന്തപുരത്ത് രാത്രി നടത്തിന് നേതൃത്വം നല്‍കി.

Also Read: മോഫിയയുടെ മരണം: അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Night walk protest by congress on violence against women

Next Story
ആ കെട്ടിടം, ഒരു പ്രേതാലയമായി അവിടെ കിടക്കണം
The moderation of comments is automated and not cleared manually by malayalam.indianexpress.com