തിരുവനന്തപുരം: കണ്ണൂരില്‍ പിടിയിലായിലായ മാവോയിസ്റ്റ് നേതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി എൻഐഎ. ആർ രാഘവൻ, വിനോദ് എന്നീ പേരുകളിൽ കൂടി അറിയപ്പെടുന്ന രവി മുരുകേഷ് എന്ന 32 വയസ്സുകാരനാണ് അറസ്റ്റിലായത് എന്ന് എൻഐഎ വാർത്താക്കുറിപ്പിൽ പറഞ്ഞു. എടക്കര മാവോയിസ്റ്റ് കേസിലാണ് അറസ്റ്റെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
കണ്ണൂർ പൊലീസ് കസ്റ്റഡിയിൽ എടുത്ത രവി മുരുകേഷിനെ എൻഐഎക്ക് കൈമാറുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് ഇയാൾ പിടിയിലായത്.
കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തമിഴ്നാട്ടിലെ വെല്ലൂർ സ്വദേശിയായ രവി മുരുകൻ 2016ൽ സിപിഐ (മാവോയിസ്റ്റ്) സംഘടനയുടെ ആയുധ പരിശീലനത്തിൽ പങ്കെടുത്തുവെന്ന് എൻഐഎ പറയുന്നു.
2016 സെപ്തംബറിൽ സിപിഐ മാവോയിസ്റ്റ് സ്ഥാപക ദിനത്തോടനുബന്ധിച്ച് നിലമ്പൂർ വന മേഖലയിൽ ആയുധ പരിശീലനത്തോട് കൂടിയ പരിശീലന കാംപുകൾ സംഘടിപ്പിച്ചെന്നും പാർട്ടി പതാക ഉയർത്തിയെന്നുമുള്ള കേസിലാണ് അറസ്റ്റ്. 2017 സെപ്തംബറിൽ എടക്കര പൊലീസ് സ്റ്റേഷനിൽ രജിസ്ട്രർ ചെയ്ത കേസ് ഈ വർഷം ഓഗസ്റ്റിൽ എൻഐഎ ഏറ്റെടുക്കുകയായിരുന്നു.
കേസിൽ ഇതുവരെ ഒമ്പത് പ്രതികളെ അറസ്റ്റ് ചെയ്തതായി എൻഐഎ വാർത്താക്കുറിപ്പിൽ പറഞ്ഞു. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും അവർ വ്യക്തമാക്കി.