ന്യൂഡൽഹി: വിവാദമായ മതംമാറ്റ കേസിൽ ഹാദിയക്ക് അനുകൂലമായ പരാമർശങ്ങൾ എൻഐഎ റിപ്പോർട്ടിൽ ഉള്ളതായി ഉന്നത ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്സ്‌പ്രസിനോട് സ്ഥിരീകരിച്ചു. ഹാദിയയുടെ വിവാഹം അവരുടെ സ്വന്തം ഇഷ്ടപ്രകാരമാണെന്നും മതംമാറാൻ പണമോ മറ്റെന്തെങ്കിലുമോ പാരിതോഷികമായി വാങ്ങിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

സ്വന്തം ഇഷ്ടപ്രകാരമാണ് താൻ ഷഫിൻ ജഹാനെ വിവാഹം കഴിച്ചതെന്ന് ഹാദിയ പറഞ്ഞതായാണ് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞിരിക്കുന്നത്. മതംമാറുന്നതിന് ഏതെങ്കിലും വിധത്തിലുള്ള പാരിതോഷികങ്ങൾ ഹാദിയ ഇതിനായി കൈപ്പറ്റിയിട്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു.

“ഹാദിയയുടെ മനോനില തകരാറിലാണെന്നാണ് അവരുടെ പിതാവ് അശോകൻ പറഞ്ഞത്. എന്നാൽ അന്വേഷണത്തിൽ ഇക്കാര്യം തെളിയിക്കാൻ സാധിച്ചില്ല. ഈ സമയത്ത് അത് തെളിയിക്കാൻ സാധിക്കുകയും ഇല്ല”, അദ്ദേഹം കൂട്ടിച്ചേർത്തു.

Read More: അഖിലയിൽ നിന്നും ഹാദിയയിലേയ്ക്കുളള യാത്ര

ഹാദിയയെ വിവാഹം ചെയ്ത ഷെഫിൻ ജഹാനെതിരെ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ ആഗസ്തിലാണ് സുപ്രീം കോടതി എൻഐഎയ്ക്ക് കേസ് കൈമാറിയത്. മതംമാറ്റത്തിന് പിന്നിൽ ഏതെങ്കിലും വിധത്തിലുള്ള പ്രേരണയുണ്ടോയെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചത്. ഇത് സ്വന്തം തീരുമാന പ്രകാരമാണെന്ന് എൻഐഎ കണ്ടെത്തിയിരിക്കുന്നത്.

എൻഐഎയുടെ അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. നവംബർ 27 ന് ഹാദിയയെ സുപ്രീം കോടതിയിൽ ഹാജരാക്കും. ഇതിനായി ഹാദിയയും അച്ഛനും അമ്മയും ഇന്ന് വൈകുന്നേരത്തെ വിമാനത്തിൽ ഡൽഹിക്ക് പോകും.

Read More: തൃപ്പൂണിത്തുറ ശിവശക്തി യോഗാകേന്ദ്രം ഇതാണ്, അവിടെ സംഭവിച്ചത് ഇതൊക്കെയാണ്

അതേസമയം കേസിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചപ്പോൾ കേരളത്തിൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നതായാണ് എൻഐഎ വിശദീകരിച്ചത്. “കേരളത്തിൽ വ്യാപകമായി മതപരിവർത്തനത്തിനായി എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന സംവിധാനമുണ്ട്”, എന്നായിരുന്നു റിപ്പോർട്ടിലെ പരാമർശം.

2015 ന് ശേഷം കേരള പൊലീസ് നിർബന്ധിത മതപരിവർത്തനവുമായി ബന്ധപ്പെട്ട ഒൻപത് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇതടക്കം 89 കേസുകളാണ് കേരളത്തിലുള്ളതെന്നും എൻഐഎ പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ