ന്യൂ‍ഡൽഹി: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നെന്ന് സംശയിക്കുന്ന 21 മലയാളികളുടെ ചിത്രം എൻഐഎ പുറത്തുവിട്ടു. പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചാണ് എൻഐഎ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. 2016 ജൂണിൽ കാണാതായ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 21 പേരാണ് ഇവർ.

ആറ് യുവതികൾ ഉൾപ്പടെ 21 പേരുടെ ചിത്രമാണ് മോസ്റ്റ് വാണ്ടഡ് എന്ന പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതര മതസ്ഥരായിരുന്നവർ ഇസ്ലാമിലേക് മതപരിവർത്തനം നടത്തിയ ശേഷം ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് പോയെന്നാണ് എൻഐഎ യുടെ സംശയം.

വിവിധ സംഘങ്ങളായാണ് ഇവർ കടന്നതെന്നാണ് സംശയം. ആദ്യ രണ്ടംഗസംഘം ബെംഗളൂരു – കുവൈത്ത് വിമാനത്തിലും മൂന്നംഗസംഘം 2016 മെയ് മാസത്തിൽ മുംബൈ – മസ്കറ്റ് വിമാനത്തിലുമാണു രാജ്യം വിട്ടത്. മൂന്നംഗങ്ങളുണ്ടായിരുന്ന മൂന്നാം സംഘം ജൂൺ രണ്ടിന് മുംബൈ – ദുബായ് വിമാനത്തിലാണു പോയത്.

പിന്നീട് മൂന്നുപേർ ഹൈദരാബാദ് – മസ്കറ്റ് വിമാനത്തിലും നാടുവിട്ടു. മറ്റുള്ളവർ ജൂൺ അഞ്ച്, 16, 19 ദിവസങ്ങളിൽ വിവിധ വിമാനങ്ങളിൽ സംഘമായി കടക്കുകയായിരുന്നു. 21 പേരിൽ 19 പേർ ടെഹ്റാനിലേക്കും മറ്റുള്ളവർ സിറിയയിലോ ഇറാഖിലോ ഉണ്ടാകുമെന്നും എൻഐഎ പറയുന്നു.

36 വയസ്സുള്ള കോഴിക്കോട് സ്വദേശി ഷജീർ മനഗലശ്ശേരിയാണ് കൂട്ടത്തിൽ പ്രായം ചെന്നയാൾ. 14 പേർ 26 വയസ്സിൽ താഴെയുള്ളവരാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ