കൊച്ചി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ ദേശിയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) റെയ്ഡ്. പിഎഫ്ഐയുടെ മുന്‍ നേതാക്കളുടെ വീടുകളിലാണ് പരിശോധന നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് മൊത്തം 56 കേന്ദ്രങ്ങളിലാണ് എന്‍ഐഎ നടപടി.
റെയ്ഡ് വ്യാപകമായി നടക്കുന്നത് എറണാകുളം ജില്ലയിലാണ്, 12 കേന്ദ്രങ്ങളിലായാണ് പരിശോധന. റെയ്ഡിനായി ഡല്‍ഹിയില്‍ നിന്നുള്ള എന്‍ഐഎ ഉദ്യോഗസ്ഥരും എത്തിയിട്ടുണ്ട്. നിരോധനത്തിന് ശേഷവും സംഘടന സജീവമാകുന്നുണ്ടോ എന്ന സംശയത്തിന്റെ പേരിലാണ് പുതിയ നടപടിയെന്നാണ് ലഭിക്കുന്ന സൂചനകള്‍.
പിഎഫ്ഐ നിരോധിക്കുന്നതിന് മുന്‍പും ശേഷവും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ വ്യാപകമായ പരിശോധനകള്‍ നടന്നിരുന്നു. ദേശിയ നേതാക്കള്‍ ഉള്‍പ്പടെയുള്ളവരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തിരുന്നു. എന്ന് എന്‍ഐഎയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്, എന്നാല്‍ ഇക്കുറി കേരള പൊലീസിന്റെ സഹായവും തേടിയട്ടുണ്ട്.
തിരുവനന്തപരുത്ത് തോന്നയ്ക്കല്‍, നെടുമങ്ങാട് പള്ളിക്കല്‍ എന്നിവിടങ്ങളിലാണ് റെയ്ഡ്. പിഎഫ്ഐ മുൻ തിരുവനന്തപുരം സോണൽ പ്രസിഡന്റ് നവാസ് തോന്നയ്ക്കൽ, മുൻ സംസ്ഥാന കമ്മിറ്റി അംഗം സുൽഫി വിതുര, പിഎഫ്ഐ പ്രവർത്തകൻ പള്ളിക്കൽ ഫസൽ എന്നിവരുടെ വീടുകളിലാണ് പരിശോധന.
കരുനാഗപ്പള്ളി, ചക്കുവള്ളി (കൊല്ലം), അടൂര്‍ (പത്തനംതിട്ട), കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട (കോട്ടയം), മാവൂര്‍, നാദാപുരം, പാലേരി (കോഴിക്കോട്), മഞ്ചേരി, കോട്ടയ്ക്കല്‍, വളാഞ്ചേരി, കോട്ടോപ്പാടം (മലപ്പുറം) എന്നിവിടങ്ങളാണ് റെയ്ഡ് നടക്കുന്ന പ്രധാന സ്ഥലങ്ങള്‍. പല കേന്ദ്രങ്ങളിലേയും പരിശോധന പൂര്‍ത്തിയാക്കി ഉദ്യോഗസ്ഥര്‍ മടങ്ങി.