തൃശൂർ: തിരുവനന്തപുരം വിമാനത്താവളം ആസ്ഥാനമാക്കി നടത്തിയ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ അനിൽ അക്കരെ എംഎൽഎയും ആശുപത്രിയിലെത്തിയത് എൻഐഎ അന്വേഷിക്കുന്നു. സ്വപ്നയെ പ്രവേശിപ്പിച്ച രാത്രി എന്തിനാണ് ആശുപത്രിയിൽ എത്തിയതെന്ന് എൻഐഎ എംഎൽഎയോട് ആരാഞ്ഞു. മറ്റേതെങ്കിലും പ്രമുഖർ ഇവിടെ എത്തുന്നുണ്ടോയെന്ന് പരിശോധിക്കാനെന്നായിരുന്നു അനിൽ അക്കരെ നൽകിയ മറുപടി.
Read More: തെറ്റുചെയ്തെന്ന് നെഞ്ചിൽ കൈവെച്ച് ഹൈദരലി തങ്ങൾ പറഞ്ഞാൽ ഞാൻ രാജിവെക്കും: ജലീൽ
നേരത്തേ ഇതേ വിഷയത്തിൽ മന്ത്രി എം.സി മൊയ്തീനെതിരെ അനിൽ അക്കര രംഗത്തെത്തിയിരുന്നു. സ്വപ്ന സുരേഷ് മെഡിക്കൽ കോളജിൽ കിടക്കുന്ന സമയത്തു പെട്ടെന്നൊരു പരിപാടിയുണ്ടാക്കി സ്ഥലം എംഎൽഎപോലും അറിയാതെ മന്ത്രി എ.സി. മൊയ്തീൻ വന്നതു ഗൂഢാലോചനയാണെന്നും സ്വപ്നയ്ക്ക് ആവശ്യമായ സൗകര്യംചെയ്തു കൊടുക്കുന്നതിനു വേണ്ടിയാണ് ഇതെന്നും അനിൽ അക്കര എംഎൽഎ ആരോപിച്ചിരുന്നു. ഫെയ്സ്ബുക്കിലൂടെയായിരുന്നു എംഎൽഎയുടെ ആരോപണം.
ഇല്ലാത്ത പരിപാടി തട്ടിക്കൂട്ടി മന്ത്രി വന്നത് സ്ഥലം എംഎൽഎ, എംപി എന്നിവരെ ഒഴിവാക്കിയാണ്. ജില്ലാ കലക്ടർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എന്നിവർക്കും ഈ വിഷയത്തിൽ പങ്കുണ്ടെന്നുമായിരുന്നു അനിൽ അക്കരെയുടെ ആരോപണം. ഇതിനിടെയാണ് എൻഐഎ, എംഎൽഎയുടെ ആശുപത്രി സന്ദര്‍ശനത്തെക്കുറിച്ച് അന്വേഷണം നടത്തുന്നത്.
സ്വപ്ന ആശുപത്രിയിൽ ചികിത്സയിലിരിക്കെ അവിടെ സന്ദർശിച്ച പ്രമുഖരുടെ വിവരങ്ങൾ എൻഐഎ പരിശോധിക്കുന്നുണ്ട്. സ്വപ്നയുടെ ഫോൺവിളികളെക്കുറിച്ചും മെഡിക്കൽ കോളേജ് അധികൃതരിൽ നിന്നും എൻഐഎ വിവരങ്ങൾ ശേഖരിച്ചു.
അതേസമയം നഴ്സുമാരുടെ ഫോണുപയോഗിച്ചെന്ന ആരോപണം തൃശൂർ മെഡിക്കൽ കോളേജ് അധികൃതരും പരിശോധിക്കുന്നുണ്ട്. സ്വപ്ന സുരേഷിന് ഫോൺ നൽകിയിട്ടില്ലെന്നും പൊലീസിന്റെ സാന്നിധ്യത്തിൽ മാത്രമാണ് സ്വപ്നയെ കണ്ടതെന്നും നഴ്സുമാർ മൊഴി നൽകിയിട്ടുണ്ട്.
സെപ്റ്റംബര്‍ ഏഴിനായിരുന്നു നെഞ്ചുവേദനയെത്തുടർന്ന് സ്വപ്നയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആറു ദിവസത്തിന് ശേഷമാണ് ഇവർ ആശുപത്രി വിട്ടത്. ഈ സമയത്ത് പല ഉന്നതരുമായി ബന്ധപ്പെട്ടുവെന്നുമാണ് ആരോപണം.