തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അടുത്ത രണ്ട് ദിവസത്തിനകം ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെ ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) ചോദ്യം ചെയ്യും. വാർത്താ ഏജൻസിയായ ഐഎഎൻഎസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തും.
ഖുറാൻ വിതരണത്തിന്റെ മറവിൽ സ്വർണക്കള്ളക്കടത്ത് നടന്നിട്ടുണ്ടോയെന്ന് അന്വേഷിച്ചറിയാനാണ് അദ്ദേഹത്തെ ചോദ്യംചെയ്യുന്നത്. അതേസമയം കേസിൽ ജലീലിന്റെ പേര് ചേർക്കപ്പെട്ടിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
യുഎഇ കോൺസുലേറ്റിൽനിന്നു ലഭിച്ച ഖുറാൻ വിതരണവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ജലീലിനെ വീണ്ടും ചോദ്യം ചെയ്യും. വീണ്ടും മൊഴിയെടുക്കമെന്ന് എന്‍ഫോഴ്സ്മെന്റ് മേധാവി വ്യക്തമാക്കി. പ്രോട്ടോക്കോൾ ലംഘിച്ചെന്നതടക്കമുളള കാര്യങ്ങളില്‍ അന്വേഷണം നടക്കുകയാണെന്നും ഇ ഡി അറിയിച്ചു.
സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മന്ത്രി കെ ടി ജലീലിന്റെ മൊഴിയെടുത്തത് രണ്ടു ദിവസമെന്ന സൂചന നേരത്തെ പുറത്തുവന്നിരുന്നു. ജലീലിൻ്റെ മൊഴി എന്‍ഫോഴ്സ്മെന്റ് ഡയറക്ടർക്ക് കൈമാറിയിട്ടുണ്ട്. ഡൽഹിയിൽ മൊഴി വിശദമായി പരിശോധിച്ച ശേഷം തുടർ നടപടിയിൽ തീരുമാനമെടുക്കും.
അതേസമയം, ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സമരങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. കോവിഡ് പ്രതിരോധത്തിൽ ശ്രദ്ധയൂന്നി നിൽക്കുമ്പോൾ അതിന്റെ വ്യാപനത്തിനിടയാക്കുന്ന പ്രവർത്തനങ്ങളാണ് ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ ദയനീയാവസ്ഥ എല്ലാവരും കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ജലീൽ തെറ്റൊന്നും ചെയ്തട്ടില്ലെന്നും ഇങ്ങനെ പെരുമാറുന്നവർക്ക് വ്യക്തമായ ഉദ്ദേശമുണ്ടെന്നും അതിന്റെ പുറത്ത് നാട് തന്നെ കുട്ടിച്ചോറാക്കുന്ന നിലയിലേക്കാണ് പോയതെന്നും മുഖ്യമന്ത്രി ആരോപിച്ചു. കൃത്യമായി രാഷ്ട്രീയ നിലപാട് സ്വീകരിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. നേരത്തെ വിശ്വസിച്ചിരുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിൽ നിന്നാണ് അദ്ദേഹം എൽഡിഎഫിലെത്തുന്നത്. അതിനോടുള്ള പക ഒരുകാലത്തും ചിലർക്ക് വിട്ടുമാറുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ.ടി ജലീൽ അദ്ദേഹവുമായി ബന്ധപ്പെട്ട കാര്യം വ്യക്തമാക്കി കഴിഞ്ഞു. എന്ത് ആരോപണമാണ് അദ്ദേഹത്തിന് നേരെയുള്ളത്. അദ്ദേഹം ഒരു തെറ്റും ചെയ്തിട്ടില്ല. അദ്ദേഹത്തിനെതിരെ വലിയ തോതിൽ ആക്ഷേപങ്ങൾ ഉന്നയിച്ച് കേരളത്തിന്റെ പൊതുവായ അന്തരീക്ഷം അട്ടിമറിക്കാനുള്ള ശ്രമമാണ് ഇവിടെ നടന്നിട്ടുള്ളത്. അതിന് അദ്ദേഹം കുറ്റക്കാരനാകില്ല. അദ്ദേഹത്തോട് നേരത്തെ വിരോധമുള്ള ചിലരുണ്ട്, അദ്ദേഹവുമായി സമരസപ്പെട്ട് പോകാൻ ബുദ്ധിമുട്ടുള്ളവരും കാണും.
മതഗ്രന്ഥവും സക്കാത്തും ജലീൽ ആവശ്യപ്പെട്ടട്ടില്ല. കോൺസുലേറ്റ് ഇത്തരം ഒരു കാര്യം ചെയ്യാൻ ആഗ്രഹിച്ചപ്പോൾ സംസ്ഥാനത്ത് ന്യൂനപക്ഷ കാര്യം കൈകാര്യം ചെയ്യുന്ന മന്ത്രിയെന്ന നിലയ്ക്ക് അദ്ദേഹം അതിനുവേണ്ട സഹായം ചെയ്തുകൊടുക്കുക മാത്രമാണ് ചെയ്തത്. അത് എങ്ങനെയാണ് കുറ്റമായിട്ട് വരിക. കെ.ടി ജലീൽ രാജിവയ്ക്കാനും മാത്രമുള്ള എന്ത് പ്രശ്നമുള്ളതെന്ന് മുഖ്യമന്ത്രി. നിയമലംഘനം കർശനമായി തന്നെ നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.