തിരുവനന്തപുരം: യുഎഇ കോൺസുലേറ്റിൽ നിന്ന് എത്തിച്ച മതഗ്രന്ഥം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ സി ആപ്റ്റിൽ പരിശോധന നടത്തി. എൻഐഎ കൊച്ചി യൂണിറ്റിൽ നിന്ന് എത്തിയ ഉദ്യോഗസ്ഥർ സി ആപ്റ്റിലെ ഡെലിവറി വിഭാഗത്തിലെ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യാൻ കൊണ്ടുപോയി.
യുഎഇ കോൺസുലേറ്റിൽ നിന്ന് 32 മതഗ്രന്ഥങ്ങളുടെ പാക്കറ്റുകൾ ഡെലിവറി വിഭാഗത്തിലാണ് എത്തിച്ചത്. പിന്നീട് ഒരു പാക്കറ്റ് പൊട്ടിച്ച് ജീവനക്കാരിൽ ചിലർക്കു മതഗ്രന്ഥം വിതരണം ചെയ്തതായി പറയുന്നു. അതിനുശേഷം ബാക്കി 31 പാക്കറ്റുകൾ മലപ്പുറത്തേക്കു കൊണ്ടുപോകുകയായിരുന്നു.
Read Also: നിയമസഭാ കയ്യാങ്കളി: കേസ് പിൻവലിക്കണമെന്ന സർക്കാർ ആവശ്യം കോടതി തള്ളി
പൊട്ടിച്ച പാക്കറ്റ് സി ആപ്റ്റിൽ സൂക്ഷിച്ചു. മാർച്ച് 4നാണു നയതന്ത്ര പാഴ്സലിൽ 250 പാക്കറ്റുകളിലായി മതഗ്രന്ഥം എത്തിച്ചത്. മതഗ്രന്ഥങ്ങൾ എത്തിച്ചതുമായി ബന്ധപ്പെട്ട് നേരത്തെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു.
ഉന്നതവിദ്യാഭ്യാസവകുപ്പിനു കീഴിലാണ് സി ആപ്റ്റ് വരുന്നത്. യുഎഇ കോൺസുലേറ്റ് വഴി മതഗ്രന്ഥം കൊണ്ടുവന്നത് പ്രോട്ടോകോൾ ലംഘനമാണെന്നും ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി കെ.ടി.ജലീൽ കുറ്റക്കാരനാണെന്നും പ്രതിപക്ഷം അടക്കം ആരോപിച്ചിരുന്നു. ഖുർആൻ കൊണ്ടുവന്നതിന്റെ മറവിൽ സ്വർണം കടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് കോൺഗ്രസും ബിജെപിയും ആരോപിച്ചതിനു പിന്നാലെ ജലീലിനെ എൻഫോഴ്സ്മെന്റും എൻഐഎയും ചോദ്യം ചെയ്തിരുന്നു.
അതേസമയം, തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിനെ നാല് ദിവസത്തേക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. കൊച്ചിയിലെ എന്‍ഐഎ കോടതിയാണ് അന്വേഷണസംഘത്തിന്റെ അപേക്ഷ പരിഗണിച്ച് സ്വപ്നയെ കസ്റ്റഡിയില്‍ വിട്ടത്. ബന്ധുക്കളെ കാണണമെന്ന സ്വപ്നയുടെ ആവശ്യം കോടതി അനുവദിച്ചിട്ടുണ്ട്. നിലവിൽ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് സ്വപ്ന കോടതിയെ അറിയിച്ചു.
സ്വപ്നയെ നേരത്തെ കോടതി 12 ദിവസം എൻഐഎയുടെ കസ്റ്റഡിയിൽ വിട്ടിരുന്നു. സ്വപ്നയുടെ ലാപ്ടോപ്പ്,മൊബൈൽ ഫോൺ എന്നിവയിൽ നിന്ന് ലഭിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കൂടുതൽ ചോദ്യം ചെയ്യാനായി എൻഐഎ കസ്റ്റഡി ആവശ്യപ്പെട്ടത്.