തിരുവനന്തപുരം: ഹാദിയ കേസില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ തീരുമാനം. ഹാദിയയുടേയും ഷെഫിന്‍ ജഹാന്റെയും വിവാഹത്തില്‍ ലവ് ജിഹാദോ നിര്‍ബന്ധിത മതപരിവര്‍ത്തനമോ, തീവ്രവാദമോ ആയി ബന്ധപ്പെട്ട യാതൊരു തെളിവുകളുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണം അവസാനിപ്പിക്കാന്‍ എന്‍ഐഎ തീരുമാനിച്ചത്.

കേരളത്തില്‍ സമീപകാലത്തുനടന്ന മിശ്രമവിവാഹങ്ങളുമായി ബന്ധപ്പെട്ട മതംമാറ്റങ്ങളില്‍ ഒന്നും തന്നെ ഇത്തരം ഇടപെടലുകള്‍ നടന്നതായി തെളിവുകള്‍ കണ്ടെത്താന്‍ സാധിച്ചില്ലെന്നും എന്‍ഐഎ സുപ്രീം കോടതിയെ അറിയിച്ചു. 89 മിശ്രവിവാഹങ്ങളിൽ 11എണ്ണമാണ് എന്‍ഐഎ അന്വേഷിച്ചത്.

ഹാദിയയുടെ പിതാവ് അശോകന്‍ നല്‍കിയ ഹര്‍ജിയില്‍ കേരള ഹൈക്കോടതി ഹാദിയയുടേയും ഷെഫിന്‍ ജഹാന്റേയും വിവാഹം റദ്ദാക്കുകയും പിന്നീട് സുപ്രീം കോടതി, ഹൈക്കോടതി വിധി റദ്ദാക്കുകയും ചെയ്തിരുന്നു. പ്രായപൂര്‍ത്തിയായ വ്യക്തിയുടെ സ്വയംനിര്‍ണയാവകാശവും മൗലികാവകാശങ്ങളും ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഈ വിധി റദ്ദാക്കിയത്.

എന്നാല്‍ ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന് നേരെ ആരോപിക്കപ്പെട്ടിരുന്ന തീവ്രവാദ ബന്ധം സംബന്ധിച്ചും നിര്‍ബന്ധിത മതപരിവര്‍ത്തനം സംബന്ധിച്ചും സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം എന്‍ഐഎ അന്വേഷണം തുടരുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.