കൊച്ചി: നിര്‍മാണത്തിലിരിക്കെ വിമാനവാഹിനി യുദ്ധക്കപ്പല്‍ ഐ എന്‍ എസ് വിക്രാന്തില്‍നിന് കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകള്‍ കവര്‍ന്ന കേസില്‍ രണ്ടുപേര്‍ക്കു തടവു ശിക്ഷ. ഒന്നാം പ്രതി ബിഹാര്‍ സ്വദേശി സുമിത് കുമാര്‍ സിങ്, രണ്ടാം പ്രതി രാജസ്ഥാന്‍ സ്വദേശി ദയാ റാം എന്നിവരെയാണു കൊച്ചി എന്‍ ഐ എ കോടതി ശിക്ഷിച്ചത്.
സുമിത് കുമാറിന് അഞ്ചു വര്‍ഷവും ദയാ റാമിനു മൂന്നു വര്‍ഷവുമാണു തടവ് വിധിച്ചത്. ഇരുവരും 1.7 ലക്ഷം രൂപ വീതം പിഴ ഒടുക്കുകയും വേണം. കപ്പല്‍ ശാലയിലെ കരാര്‍ പെയിന്റിങ് തൊഴിലാളികളായിരുന്നു സുമിത്തും ദയാറാമും.
നിര്‍മാണത്തിലിരിക്കെ 2019 സെപ്റ്റംബറിലാണ് ഐ എന്‍ എസ് വിക്രാന്തില്‍ മോഷണം നടന്നത്. മള്‍ട്ടി-ഫങ്ഷണല്‍ കണ്‍സോളുകളില്‍ (എം എഫ് സി) നിന്നുള്ള അഞ്ച് മൈക്രോ പ്രോസസറുകള്‍, 10 റാമുകള്‍, അഞ്ച് സോളിഡ്-സ്‌റ്റേഡ് ഡ്രൈവുകള്‍ (എസ് എസ് ഡി) എന്നിവ ഉള്‍പ്പെടെ 20 വസ്തുക്കളാണു കളവു പോയത്. സാധാരണ തൊഴിലാളിക്ക് എത്തിച്ചേരാന്‍ സാധിക്കാത്ത സ്ഥലത്താണ് ഇവയുണ്ടായിരുന്നത്.
കൊച്ചി കപ്പല്‍ശാലയുടെ പരാതിയില്‍ കേസ് റജിസ്റ്റര്‍ ചെയ്ത അന്വേഷണമാരംഭിച്ച പൊലീസ് അധികം മുന്നോട്ടുപോകാനായില്ല. തുടര്‍ന്ന് കേസ് എന്‍ ഐ എ ഏറ്റെടുക്കുകയായിരുന്നു. പ്രതികളെന്നു കരുതുന്നവരുടെ വിരലടയാളം മാത്രമായിരുന്നു കേസിലെ ഏക തെളിവ്.
അയ്യായിരത്തിലേറെ കരാര്‍ തൊഴിലാളികളുടെ വിരലടയാളം ശേഖരിച്ചും നൂറുകണക്കിനു പേരെ ചോദ്യം ചെയ്തും നടത്തിയ അന്വേഷണത്തിനൊടുവിലാണു പ്രതികളിലേക്ക് എത്തിയത്. മോഷണം നടത്തിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് എന്‍ ഐ എ അഞ്ച് ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
2020 ജൂണ്‍ 10നാണു പ്രതികള്‍ അറസ്റ്റിലായത്. ഇരുവരെയും വീടുകളില്‍നിന്നാണ് എന്‍ ഐ എ കസ്റ്റഡിയിലെടുത്തത്. പ്രതികളുടെ വീടുകളിലും മറ്റിടങ്ങളിലും നടത്തിയ പരിശോധനയില്‍ ഹാര്‍ഡ് ഡിസ്‌ക് അടക്കമുള്ളവ എന്‍ ഐ എയ്ക്കു ലഭിച്ചിരുന്നു. വസ്തുക്കളിലൊന്ന് അയ്യായിരം രൂപയ്ക്കാണു കൊച്ചിയിലെ താമസത്തിനിടെ ഓണ്‍ലൈനില്‍ വിറ്റത്.
വേതനത്തെച്ചൊല്ലി കരാറുകാരനുമായുണ്ടായ തര്‍ക്കമാണ് മോഷണം നടത്താന്‍ പ്രേരിപ്പിച്ചതെന്നായിരുന്നു പ്രതികളുടെ മൊഴി.
രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമെന്ന തരത്തിലാണു തുടക്കം മുതല്‍ അന്വേഷണം മുന്നോട്ടുപോയിരുന്നത്. ഐ എന്‍ എസ് വിക്രാന്തിന്റെ രഹസ്യങ്ങള്‍ ചോര്‍ത്താനുള്ള നീക്കമാണോ മോഷണത്തിലൂടെ നടന്നതെന്നും എന്‍ ഐ എ സംശയിച്ചു. എന്നാല്‍ ചാരപ്രവര്‍ത്തനം സംബന്ധിച്ച് എന്‍ ഐ എക്കു തെളിവ് ലഭിച്ചില്ല. മോഷണം, സൈബര്‍ സുരക്ഷ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. വിചാരണ തുടങ്ങും മുന്‍പ് ഇരു പ്രതികളും കോടതിയില്‍ കുറ്റം സമ്മതിച്ചിരുന്നു.