/indian-express-malayalam/media/media_files/uploads/2021/10/NIA.jpg)
കൊച്ചി: ലക്ഷദ്വീപിലെ മിനിക്കോയ് തീരത്തുനിന്ന് ആയുധങ്ങളും ലഹരി മരുന്നും പിടികൂടിയ സംഭവത്തില്‍ മുഖ്യ സൂത്രധാരനെ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എന്‍ഐഎ) അറസ്റ്റ് ചെയ്തു. ശ്രീലങ്കന്‍ സ്വദേശിയായ സത്കുനം എന്ന സബീശനാ(47)ണു ചൊവ്വാഴ്ച പിടിയിലായത്.
നിലവില്‍ ചെന്നൈ വല്‍സരവാക്കത്ത് താമസിക്കുന്ന ഇയാള്‍ എല്‍ടിടിഇയുടെ രഹസ്യാന്വേഷണ വിഭാഗം മുന്‍ അംഗമാണെന്ന് എന്‍ഐഎ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പാക്കിസ്ഥാനില്‍നിന്ന് ശ്രീലങ്കയിലേക്കുള്ള ആയുധ-ലഹരി മരുന്ന് കടത്ത്, ഇതില്‍നിന്നുള്ള വരുമാനം ഉപയോഗിച്ച് എല്‍ടിടിഇയുടെ പുനരുജ്ജീവനത്തിന് സഹായം എന്നിവയുമായി ബന്ധപ്പെട്ടാണ് അറസ്‌റ്റെന്ന് എന്‍ഐഎ അറിയിച്ചു.
മാര്‍ച്ച് 18നാണു മിനിക്കോയ് ദ്വീപ് തീരത്തുവച്ച് രവിഹന്‍സി എന്ന മീന്‍പിടിത്ത ബോട്ടില്‍നിന്ന് 300 കിലോ ഹെറോയിനും അഞ്ച് എകെ 47 തോക്കും ആയിരം റൗണ്ട് ഒന്‍പത് എംഎം വെടിയുണ്ടകളും കോസ്റ്റ് ഗാര്‍ഡ് പിടികൂടിയത്. സംഭവത്തില്‍, ബോട്ടിലുണ്ടായിരുന്ന ആറ് ശ്രീലങ്കന്‍ പൗരന്മാരെ അറസ്റ്റ് ചെയ്തിരുന്നു.
Also Read: ഗർഭിണിയെയും മകനെയും കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് ഇരട്ട ജീവപര്യന്തം
സംഭവത്തില്‍, നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആയുധ നിയമപ്രകാരം മേയ് ഒന്നിനാണ് എന്‍ഐഎ കേസെടുത്തത്. ഇന്ത്യയിലെ എല്‍ടിടിഇ അനുകൂലികളെ ഉള്‍പ്പെടുത്തി സത്കുനം ഗൂഢാലോചനാ യോഗം വിളിച്ചുചേര്‍ത്തതു കണ്ടെത്തിയതായും എന്‍ഐഎ അറിയിച്ചു.
ലഹരിമരുന്ന് കടത്തിലൂടെയുള്ള വരുമാനം ശ്രീലങ്കയിലെ മുന്‍ എല്‍ടിടിഇ കേഡര്‍മാര്‍ക്ക് എത്തിച്ച് സംഘടനയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തില്‍ സത്കുനം നിര്‍ണായക പങ്ക് വഹിച്ചതായും എന്‍ഐഎ പ്രസ്താവനയില്‍ പറഞ്ഞു. കേസില്‍ അന്വേഷണം തുടരുമെന്നും എന്‍ഐഎ അറിയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.