കൊച്ചി: തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകൻ ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിൽ ഒളിവിലായിരുന്ന പ്രതിയെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവർത്തകനായ മൻസൂർ(47) ആണ് അറസ്റ്റിലായത്.

മതനിന്ദ ആരോപിച്ചാണ് തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രൊഫ. ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയത്. 2010 മാര്‍ച്ച് 23ന് തൊടുപുഴ ന്യൂമാന്‍ കോളേജില്‍ നടന്ന രണ്ടാം സെമസ്റ്റര്‍ ബി കോം മലയാളം ഇന്റേണല്‍ പരീക്ഷയുടെ ചോദ്യ പേപ്പര്‍ മതനിന്ദ കലര്‍ന്നതാണെന്ന ആരോപണം ഉയര്‍ന്നു. ജൂലൈ നാലിനാണ് പ്രൊഫ. ജോസഫിനെ ആക്രമിച്ച് വലത് കൈപ്പത്തി വെട്ടിമാറ്റിയത്.

വീടിനു സമീപത്തെ നിര്‍മല മാതാ പള്ളിയില്‍ പ്രാര്‍ത്ഥന കഴിഞ്ഞ് കാറില്‍ കുടുംബസമേതം മടങ്ങുമ്പോഴായിരുന്നു അക്രമം. വാനിലെത്തിയ ഏഴംഗ സംഘം കാര്‍ തടഞ്ഞ് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം പ്രൊഫസറെ വലിച്ചിറക്കി കൈകളിലും കാലുകളിലും വെട്ടുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ