കൊച്ചി: സംസ്ഥാന സർക്കാർ എല്ലാ ടോളുകളും ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ കൊച്ചിയിൽ കണ്ടെയ്നർ ടെർമിനലിലേക്കുളള പാതയിൽ നാളെ മുതൽ ടോൾ പിരിക്കാൻ തുടങ്ങും. കളമശേരിയിൽ നിന്നും വല്ലാർപാടത്തേക്കുളള ദേശീയപാതയിൽ ടോൾ പിരിക്കാനുളള തീരുമാനമാണ് ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യ കൈക്കൊണ്ടത്.
പൊന്നാരിമംഗലത്താണ് ടോൾ പിരിക്കാനുളള പ്ലാസ നിർമ്മിച്ചിരിക്കുന്നത്. ദേശീയ പാതാ 966എ ആണ് ഈ പാത. 15 കിലോമീറ്ററിലേറെ നീളമുണ്ട്. റോഡിന്റെ നിർമ്മാണത്തിന് വേണ്ടി 909 കോടി രൂപയാണ് ചിലവഴിച്ചത്. നിർമ്മാണ ചിലവിന്റെ 40 ശതമാനം (400 കോടി) എങ്കിലും ടോൾ പിരിവിലൂടെ കണ്ടെത്താനാണ് ദേശീയപാത അതോറിറ്റി ലക്ഷ്യമിടുന്നത്.
മുൻപ് 2015 ലാണ് മുൻപ് ടോൾ പിരിക്കാനുളള നീക്കം ദേശീയപാത അതോറിറ്റി നടത്തിയത്. എന്നാൽ പ്രദേശവാസികൾ സമരവുമായി രംഗത്ത് വരികയും മുളവുകാട് ജനകീയ വികസന സമിതി ഹർത്താൽ അടക്കം നടത്തുകയും ചെയ്തിരുന്നു.
കാര്‍, ജീപ്പ് തുടങ്ങി ലൈറ്റ് മോട്ടോര്‍ വിഭാഗത്തില്‍പ്പെട്ട വാഹനങ്ങള്‍ ഒരുദിശയിലേക്ക് 45 രൂപയാണ് ടോൾ നൽകേണ്ടത്. ഇരുദിശകളിലേക്കുമായി 70 രൂപ നല്‍കണം. ബസുകള്‍ക്ക് ഒരു ദിശയിലേക്ക് 160 രൂപയും ഇരുദിശകളിലേക്കുമായി 240 രൂപയും ഈടാക്കും. മറ്റു വലിയ വാഹനങ്ങള്‍ക്ക് ഒരു ദിശയിലേക്ക് 250 രൂപയും ഏഴ് ആക്സിലുകളില്‍ കൂടുതലുള്ള വലിയ വാഹനങ്ങള്‍ക്ക് ഒരുദിശയിലേക്ക് 305 രൂപയും ഇരുദിശയിലേക്കുമായി 460 രൂപയും ടോള്‍ നല്‍കണം.
എറണാകുളം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് ടോള്‍ തുകയില്‍ ഇളവ് നല്‍കും. പ്രദേശവാസികൾക്ക് നേരത്തെ ഉറപ്പുനൽകിയതിന്റെ അടിസ്ഥാനത്തിൽ സർവ്വീസ് റോഡുകളുടെ നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്. അതേസമയം കണ്ടെയ്നർ ടെർമിനൽ റോഡിലെ പാർക്കിങ് പ്രതിസന്ധിക്ക് ഇതുവരെ പൂർണ്ണമായ പരിഹാരം കാണാൻ സാധിച്ചിട്ടില്ല.