തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുടുംബാഗങ്ങളായ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. തീകൊളുത്തി ആത്മഹത്യ ചെയ്ത ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍, ചന്ദ്രന്റെ അമ്മ കൃഷ്ണമ്മ, കൃഷ്ണമ്മയുടെ സഹോദരി ശാന്ത, ഭര്‍ത്താവ് കാശിനാഥന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

മന്ത്രവാദത്തെ പറ്റി അറിയില്ലെന്നാണ് പ്രതികള്‍ പൊലീസിനോട് പ്രതികരിച്ചത്. താന്‍ ഭാര്യയെയും മകളെയും മാനസികമായി പീഡിപ്പിച്ചിട്ടില്ലെന്നും ആത്മഹത്യയ്ക്ക് കാരണം അമ്മയാണെന്നും ചന്ദ്രന്‍ പറഞ്ഞു. എന്നാൽ വസ്തു വിൽക്കാൻ താൻ തടസം നിന്നിട്ടില്ലെന്നും ലേഖയെയും മകളെയും മാനസികമായി പീഡിപ്പിച്ചിട്ടില്ലെന്നുമാണ് ചന്ദ്രന്റെ മാതാവ് കൃഷ്ണമ്മ മാധ്യമങ്ങളോട് പ്രതികരിച്ചത്.

അതേസമയം, ആത്മഹത്യ ചെയ്ത ലേഖയുടെയും മകള്‍ വൈഷ്ണവിയുടെയും മൃതദേഹം സംസ്‌കരിച്ചു. ആത്മഹത്യയ്ക്ക് കാരണം ഭര്‍ത്താവും ബന്ധുക്കളും ആണെന്ന് ആരോപിച്ചുള്ള കുറിപ്പ് ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. ഇന്നു രാവിലെ ഫോറൻസിക് സംഘമെത്തി മുറി പരിശോധിച്ചപ്പോഴാണ് ചുമരിൽ ഒട്ടിച്ച നിലയിൽ കുറിപ്പ് കണ്ടെത്തിയത്.തന്റെയും മകളുടെയും മരണത്തിന് ഉത്തരവാദി ഭർത്താവും ബന്ധുക്കളുമെന്നാണ് ആത്മഹത്യ കുറിപ്പിലുളളത്.

ജപ്തി നടപടികളായിട്ടും ഭർത്താവ് ചന്ദ്രൻ ഒന്നും ചെയ്തില്ലെന്നും സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം പീഡിപ്പിച്ചുവെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു. വസ്തു വിൽക്കുന്നതിന് ചന്ദ്രന്റെ അമ്മ തടസം നിന്നുവെന്നും ബാങ്കിലെ തിരിച്ചടവ് നീട്ടിക്കൊണ്ടുപോയത് ഭർത്താവിന്റെ ബന്ധുക്കളാണെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിന്റെ അമ്മ വിഷം തന്നു കൊല്ലാൻ ശ്രമിച്ചു. മകളെയും തന്നെയും പറ്റി അപവാദം പറഞ്ഞു പരത്തിയെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു.

അതേസമയം, ആത്മഹത്യ കുറിപ്പ് എഴുതിയത് മരിച്ച പെൺകുട്ടിയാണോ അതോ അമ്മ ലേഖയാണോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല.

Read: വൈഷ്ണവിക്ക് പിന്നാലെ അമ്മയും യാത്രയായി; ബാങ്കിനെതിരെ പ്രതിഷേധം

സംഭവത്തിൽ പൊലീസ് നാലുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭർത്താവ് ചന്ദ്രൻ, അമ്മ കൃഷ്ണമ്മ, കൃഷ്ണമ്മയുടെ സഹോദരി ശാന്ത, ഭർത്താവ് കാശിനാഥൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കിട്ടുന്ന തെളിവുകൾക്ക് അനുസരിച്ച് മുന്നോട്ടുപോകുമെന്നും ഡിവൈഎസ്‌പി വിനോദ് പറഞ്ഞു.

മഞ്ചവിളാകം മലയിക്കട വൈഷ്ണവി ഭവനിൽ ചന്ദ്രൻ രുദ്രന്റെ ഭാര്യ ലേഖ (44), മകൾ വൈഷ്ണവി (19) എന്നിവരാണ് ഇന്നലെ തീകൊളുത്തി ആത്മഹത്യ ചെയ്തത്. വൈഷ്ണവി സംഭവസ്ഥലത്തുതന്നെ മരിച്ചു. 90 ശതമാനം പൊളളലേറ്റ ലേഖയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ജപ്തി ഭീഷണിയെ തുടർന്നാണ് അമ്മയും മകളും ആത്മഹത്യ ചെയ്തതെന്നാണ് ഇന്നലെ വാർത്തകൾ പുറത്തുവന്നത്. കാനറ ബാങ്ക് നെയ്യാറ്റിൻകര ശാഖയിൽനിന്ന് 2003 ൽ ചന്ദ്രൻ 5 ലക്ഷം രൂപ ഭവന വായ്പയെടുത്തിരുന്നു. ബാങ്കിൽനിന്നെടുത്ത വായ്പയും ചന്ദ്രൻ സമ്പാദിച്ച 12 ലക്ഷം രൂപയും കൊണ്ടാണ് വീട് പണിത്. 8 ലക്ഷത്തോളം രൂപ വായ്പാ ഇനത്തിൽ തിരിച്ചടച്ചു. വർഷങ്ങളായി ഗൾഫിലായിരുന്ന ചന്ദ്രൻ ജോലിപ്രശ്നങ്ങൾമൂലം ഒരു വർഷം മുൻപ് നാട്ടിലെത്തി. ഇതോടെ അടവ് മുടങ്ങി. 6.8 ലക്ഷമാണ് ഇപ്പോഴത്തെ കുടിശിക. വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ സർഫാസി നിയമപ്രകാരം റിക്കവറി നടപടികൾക്കായി ബാങ്ക് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടിയെടുക്കുകയും ചെയ്തു.

കഴിഞ്ഞ വെളളിയാഴ്ച ജപ്തി നടപടികൾക്കായി ബാങ്ക് അധികൃതർ വീട്ടിലെത്തി. ഈ മാസം 14 നു മുൻപ് വീടും സ്ഥലവും വിറ്റ് വായ്പാ തിരിച്ചടയ്ക്കാമെന്ന് ചന്ദ്രനും കുടുംബവും ബാങ്കിന് എഴുതി ഒപ്പിട്ടു നൽകി. പക്ഷേ കച്ചവടം നടന്നില്ല. ഇതിനുപിന്നാലെയാണ് ലേഖയും മകൾ വൈഷ്ണവിയും മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.