നെയ്യാറ്റിൻകര: സനൽകുമാറിനെ ഡിവൈഎസ്പി ഹരികുമാർ മനഃപൂർവ്വം കൊലപ്പെടുത്തിയതാണെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. ഡിവൈഎസ്പി ഹരികുമാറിന് ജാമ്യം നൽകരുതെന്നും റിപ്പോർട്ടിൽ അവശ്യപ്പെടുന്നു. തിരുവനന്തപുരം ജില്ല സെക്ഷൻസ് കോടതിയിൽ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും.

ഡിവൈഎസ്പിക്കെതിരെ കൊലക്കുറ്റം നിലനിൽക്കും. കൊലപാതകത്തിന് പുറമെ മൂന്ന് വകുപ്പുകൾ കൂടി ഹരികുമാറിനെതിരെ ചുമത്തിയിട്ടുണ്ട്. വാഹനം വരുന്നത് കണ്ട ശേഷമാണ് സനലിനെ വഴിയിലേക്ക് തള്ളിയിട്ടത്. സാക്ഷിമൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് നിഗമനം.

അതേസമയം, സനലിന്റെ ഭാര്യ വിജി ഇന്നു നിരാഹാര സമരം തുടങ്ങും. കുറ്റവാളികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് സമരം. സനൽ കാറിടിച്ചു വീണ സ്ഥലത്താണ് ഇന്നു രാവിലെ മുതൽ വിജിയുടെ സത്യാഗ്രഹം.

വാഹന പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെ ഡിവൈഎസ്പി റോഡിലേക്ക് പിടിച്ച് തളളിയപ്പോൾ എതിരെ വന്ന വാഹനം ഇടിച്ചായിരുന്നു സനൽ മരിച്ചത്. സംഭവത്തില്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി സ്പെഷ്യല്‍ ബ്രാഞ്ച് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അപകടത്തില്‍ പരുക്കേറ്റ് അരമണിക്കൂറോളം റോഡില്‍ കിടന്നതിന് ശേഷമാണ് സനലിനെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാന്‍ തയ്യാറായത്. കൂടാതെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം താലൂക്ക് ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു.

പരുക്ക് ഗുരുതരമായതിനാല്‍ എത്രയും പെട്ടെന്ന് മെഡിക്കല്‍ കോളേജില്‍ എത്തിക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ താലൂക്ക് ആശുപത്രിയില്‍ നിന്നും ആംബുലന്‍സ് നേരെ പോയത് നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനിലേക്കാണ്. സനലിനൊപ്പം ഉണ്ടായിരുന്ന പൊലീസുകാരന്റെ ഡ്യൂട്ടി കഴിഞ്ഞതിനാല്‍ ഇയാളെ സ്റ്റേഷനില്‍ ഇറക്കി മറ്റൊരാളെ കയറ്റാനായിരുന്നു സ്റ്റേഷനിലേക്ക് പോയത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രയ്ക്കിടെ പാപ്പനംകോട് ഭാഗത്ത് വച്ചാണ് സനല്‍ മരിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ