തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തിൽ വ്യാപക പ്രതിഷേധം. കാനറ ബാങ്കിന്റെ ശാഖകൾക്കുനേരെ ആക്രമണമുണ്ടായി. റീജിയണൽ ഓഫീസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അടിച്ചു തകർത്തു. റീജിയണൽ ഓഫീസിലേക്ക് എസ്എഫ്ഐ മാർച്ച് നടത്തി. പ്രതിഷേധം ഭയന്ന് കാനറ ബാങ്കിന്റെ 3 ശാഖകൾ അടച്ചിട്ടു. നെയ്യാറ്റിൻകര, കുന്നത്തുകാൽ, കമുകിൻകോട് ശാഖകളാണ് അടച്ചിട്ടത്.

കാനറ ബാങ്കിന്റെ നടപടി മനുഷ്യത്വരഹിതമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു. ബാങ്കിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കാനറ ബാങ്കിന്റേത് ക്രൂരമായ നടപടിയെന്ന് മന്ത്രി ഇ.പി.ജയരാജൻ അഭിപ്രായപ്പെട്ടു. ബാങ്ക് അധികൃതരും ബ്രോക്കർമാരും ഒത്തുകളി നടത്തിയോ എന്നു സംശയിക്കുന്നു. വിഷയം പരിശോധിച്ച് സർക്കാർ തുടർ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Read: ജപ്‌തി നടപടികളിൽ ഭയന്ന് ആത്മഹത്യ; മകൾ മാനസിക സമ്മർദത്തിലായിരുന്നുവെന്ന് പിതാവ്

മഞ്ചവിളാകം മലയിക്കട വൈഷ്ണവി ഭവനിൽ ചന്ദ്രൻ രുദ്രന്റെ ഭാര്യ ലേഖ (44), മകൾ വൈഷ്ണവി (19) എന്നിവരാണ് ഇന്നലെ തീകൊളുത്തി ആത്മഹത്യ ചെയ്തത്. വൈഷ്ണവി സംഭവസ്ഥലത്തുതന്നെ മരിച്ചു. 90 ശതമാനം പൊളളലേറ്റ ലേഖയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജപ്തി നടപടികളുമായി ബാങ്ക് വളരെ വേഗം മുന്നോട്ടു പോയതാണ് കുടുംബത്തെ സമ്മർദത്തിലാക്കിയതെന്നാണ് കലക്ടറുടെ അഭാവത്തിൽ എഡിഎം മന്ത്രിക്കു നൽകിയ പ്രാഥമിക റിപ്പോർട്ട്.

കാനറ ബാങ്ക് നെയ്യാറ്റിൻകര ശാഖയിൽനിന്ന് 2003 ൽ ചന്ദ്രൻ 5 ലക്ഷം രൂപ ഭവന വായ്പയെടുത്തിരുന്നു. ബാങ്കിൽനിന്നെടുത്ത വായ്പയും ചന്ദ്രൻ സമ്പാദിച്ച 12 ലക്ഷം രൂപയും കൊണ്ടാണ് വീട് പണിത്. 8 ലക്ഷത്തോളം രൂപ വായ്പാ ഇനത്തിൽ തിരിച്ചടച്ചു. വർഷങ്ങളായി ഗൾഫിലായിരുന്ന ചന്ദ്രൻ ജോലിപ്രശ്നങ്ങൾമൂലം ഒരു വർഷം മുൻപ് നാട്ടിലെത്തി. ഇതോടെ അടവ് മുടങ്ങി. 6.8 ലക്ഷമാണ് ഇപ്പോഴത്തെ കുടിശിക. വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ സർഫാസി നിയമപ്രകാരം റിക്കവറി നടപടികൾക്കായി ബാങ്ക് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടിയെടുക്കുകയും ചെയ്തു.

കഴിഞ്ഞ വെളളിയാഴ്ച ജപ്തി നടപടികൾക്കായി ബാങ്ക് അധികൃതർ വീട്ടിലെത്തി. ഈ മാസം 14 നു മുൻപ് വീടും സ്ഥലവും വിറ്റ് വായ്പാ തിരിച്ചടയ്ക്കാമെന്ന് ചന്ദ്രനും കുടുംബവും ബാങ്കിന് എഴുതി ഒപ്പിട്ടു നൽകി. പക്ഷേ ഇന്നലെവരെ കച്ചവടം നടക്കാതായതോടെയാണ് ലേഖയും മകൾ വൈഷ്ണവിയും മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.