തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ വിവാദ ഭൂമി ബോബി ചെമ്മണ്ണൂരിന് വിറ്റത് നിയമപ്രകാരമായ ധാരണയിലെന്ന് വസന്ത. തർക്ക ഭൂമിക്ക് പട്ടയമുണ്ടെന്നും അവർ പറഞ്ഞു. ഭൂമി ബോബി ചെമ്മണ്ണൂര്‍ വാങ്ങി നല്‍കാമെന്ന വാഗ്ദാനം രാജന്-അമ്പിളി ദമ്പതികളുടെ മക്കള്‍ നിരസിച്ചിരുന്നു. ഭൂമിയില്‍ വസന്തയ്ക്ക് അവകാശമില്ല. ഈ ഭൂമി ഞങ്ങള്‍ക്ക് നല്‍കേണ്ടത് സര്‍ക്കാരാണെന്നുമായിരുന്നു അവർ പറഞ്ഞത്.
എന്നാൽ തർക്ക ഭൂമിക്ക് പട്ടയമുണ്ടെന്നും ഇത് സുകുമാരൻ നായർ എന്നയാളുടെ പേരിലാണെന്നും വസന്ത പറഞ്ഞു. കോളനി നിയമപ്രകാരം ഒരാള്‍ക്ക് പട്ടയം കൊടുക്കുമ്പോള്‍ ആദ്യ ഉടമയുടെ പേരിലാണ് കൊടുക്കുക. എന്നാല്‍ പട്ടയം ആര്‍ക്ക് വേണണെങ്കിലും ക്രയവിക്രയം ചെയ്യാമെന്ന് വ്യവസ്ഥയുണ്ടെന്നും വസന്ത പറഞ്ഞു.
“സുകുമാരന്‍ നായര്‍ എന്നയാളുടെ പേരിലായിരുന്നു പിന്നീട് അത് സുഗന്ധി എന്ന സ്ത്രീ അത് വാങ്ങി. സുഗന്ധിയുടെ മകളുടെ കല്ല്യാണ ആവശ്യത്തിന് വേണ്ടി സുഗന്ധിക്ക് താന്‍ പണം നല്കി, സ്ഥലം എന്റെ പേരിലായി. കഴിഞ്ഞ 15 വര്‍ഷമായി തണ്ടപ്പേരും പോക്കുവരവും നികുതിയുമെല്ലാം എന്റെ പേരിലാണ്. എല്ലാ രേഖകളും എന്റെ പക്കലുണ്ട്. വില്ലേജ് ഓഫീസില്‍ പോയി പരിശോധിച്ചാല്‍ അറിയാം. ശരിയായ രേഖകള്‍ വെച്ചാണ് സ്ഥലം ബോബി ചെമ്മണ്ണൂരിന് വിറ്റത്. അമ്പതിനായിരം രൂപ അഡ്വാന്‍സ് വാങ്ങി.”
Also Read: ഇർഷാദിന്റെ മൃതദേഹത്തിനായി തിരച്ചിൽ തുടരുന്നു; കിണറ്റില്‍നിന്ന് നീക്കിയത് ടണ്‍കണക്കിന് മാലിന്യം
കോളനിക്കാര്‍ തന്റെ സ്ഥലത്തേക്ക് അതിക്രമിച്ചുകയറുകയായിരുന്നു. ഒമ്പതര സെന്റ് സ്ഥലമാണ് ഇവിടെയുള്ളത്. പുറമ്പോക്ക് വസ്തുവാണെന്ന് കാണിക്കാനാണ് രാജനും കോളനിക്കാരും ശ്രമിച്ചത്. ഇതിനെതിരേയാണ് തന്റെ പോരാട്ടമെന്നും വസന്ത പറഞ്ഞു. കോളനിക്കുള്ളിലെ മദ്യത്തിന്റെയും കഞ്ചാവിന്റെയും കൂട്ടുകച്ചവടത്തിനെതിരായ തന്റെ നിലപാടാണ് കോളനിക്കാരെ തനിക്കെതിരാക്കിയതെന്നും അവർ കൂട്ടിച്ചേർത്തു.