തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യാശ്രമത്തിനിടയില്‍ പൊള്ളലേറ്റ് മരിച്ച രാജന്റെ മൃതദേഹം സംസ്കരിച്ചു. രാജന് പിന്നാലെ മരിച്ച ഭാര്യ അമ്പിളിയുടെ മൃതദേഹം ഇന്ന് വിട്ടുനൽകം. രാജന്റേയും അമ്പിളിയുടേയും മൃതദേഹം താമസിക്കുന്ന വീട്ടുവളപ്പില്‍ തന്നെ സംസ്‌കരിക്കാന്‍ കുഴിയെടുത്ത ഇളയമകൻ രാഹുലിന്റെ ദൃശ്യങ്ങൾ കണ്ണീർ കാഴ്ചയായി. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് ഇതിന്റെ ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

‘എല്ലാവരും കൂടി കൊന്നു, ഇനി അടക്കാനും സമ്മതിക്കില്ലേ എന്ന്’ പൊലീസിനോട് പറഞ്ഞുകൊണ്ടായിരുന്നു മകന്‍ കുഴിയെടുത്തത്.

തര്‍ക്കഭൂമിയിലെ ഒഴിപ്പിക്കല്‍ നടപടിക്കിടെയാണ് രാജനും ഭാര്യ അമ്പിളിയും ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാജന് പിന്നാലെ ഭാര്യ അമ്പിളിയും മരണത്തിന് കീഴടങ്ങി. ആത്മഹത്യാഭീഷണി മാത്രമായിരുന്നു ലക്ഷ്യമെന്നും പൊലീസ് ഇടപെട്ടതോടെയാണ് തീ കൊളുത്തേണ്ടി വന്നതെന്നും മരിക്കുന്നതിന് മുന്‍പായി രാജന്‍ മൊഴി നല്‍കിയിരുന്നു.

Read More: ജപ്തിക്കിടെ ആത്മഹത്യാ ഭീഷണി; പൊള്ളലേറ്റ ദമ്പതിമാരിലെ ഭാര്യയും മരിച്ചു

രാജന്റെ മരണശേഷമായിരുന്നു മകന്‍ വീട്ടുവളപ്പില്‍ തന്നെ കുഴിയെടുത്തത്. ഈ സമയം അമ്മ അമ്പിളി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായിരുന്നു. വൈകീട്ട് അമ്പിളിയും മരണത്തിന് കീഴടങ്ങി.

‘സാറേ എന്റെ അമ്മേം കൂടേ ഇനി മരിക്കാനുള്ളു, നിങ്ങളെല്ലാരും കൂടിയാണ് കൊന്നത്, ഇനി അടക്കാനും പറ്റൂലെന്നോ..,’ എന്നാണ് കുട്ടി പൊലീസിനോട് ചോദിക്കുന്നത്. പൊലീസ് കുട്ടിയെ തടയാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

രാജന്‍ അയല്‍വാസിയായ വസന്തയുടെ വസ്തു കയ്യേറി കുടില്‍കെട്ടിയെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ഇതില്‍ കോടതി അഭിഭാഷക കമ്മീഷനെ നിയമിക്കുകയായിരുന്നു. കമ്മീഷനുമായി വീട് ഒഴിപ്പിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. രാജന്‍ ഭാര്യ അമ്പിളിയെ ചേര്‍ത്ത് പിടിച്ച് ദേഹത്തേക്ക് പെട്രോള്‍ ഒഴിക്കുകയായിരുന്നു.

സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം ഒഴിപ്പിക്കല്‍ നടപടി സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് വന്നിരുന്നു. എന്നാല്‍ ഇത് മുന്‍കൂട്ടി അറിഞ്ഞാണ് പൊലീസ് ഒഴിപ്പിക്കാനായി എത്തിയതെന്നാണ് മക്കളായ രഞ്ജിത്തിന്റെയും രാഹുലിന്റെയും ആരോപണം.

രാജന്റെ മൃതദേഹം അടക്കം ചെയ്യുന്നത് പൊലീസ് തടയാന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുന്ന അമ്പിളിയുടെ മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. സംഭവവുമായി ബന്ധപ്പെട്ട് നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് കുടുംബത്തിന്റെ തീരുമാനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.