തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കോടതി ഉത്തരവ് പ്രകാരം കുടിയൊഴിപ്പിക്കുന്നതിനിടയിൽ പൊള്ളലേറ്റ് ഭാര്യയും ഭർത്താവും മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി ഇടപെട്ടു. കുട്ടികൾക്ക് വീട് വച്ച് നൽകുകയും ഇരുവരുടേയും സംരക്ഷണം സംസ്ഥാന സർക്കാർ ഏറ്റെടുക്കുകയും ചെയ്യും. ഇതു സംബന്ധിച്ച് അടിയന്തര നടപടിയ്ക്കുള്ള നിർദേശം മുഖ്യമന്ത്രി നൽകി. വീടുവച്ചു നൽകുന്നതുൾപ്പെടെയുള്ളകാര്യങ്ങൾ തീരുമാനിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

കുട്ടികളുടെ പഠനച്ചിലവ് ഏറ്റെടുക്കുമെന്ന് ഡിവൈഎഫ്ഐയും വ്യക്തമാക്കി. കുട്ടികളുടെ പുനരധിവാസത്തിന് ഡിവൈഎഫ്ഐയുമുണ്ടാകുമെന്നും, കുട്ടികളുടെ പഠനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഏറ്റെടുക്കുമെന്നും ഡിവൈഎഫ്ഐ സംസ്ഥാനസെക്രട്ടറി എ എ റഹീം അറിയിച്ചു.

രാജന്റെ കുടുംബത്തിന് യൂത്ത് കോണ്‍ഗ്രസ് വീട് വെച്ച് നല്‍കുമെന്ന് ശബരിനാഥന്‍ എംഎല്‍എ അറിയിച്ചിരുന്നു. കാശുള്ളവരെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ ഇവരെ തിരിഞ്ഞു നോക്കുന്നില്ലെന്നും പൊലീസിന്റെ കഴിവ് കേടും തെറ്റായ നടപടിയുമാണ് ഇവിടെ കാണുന്നതെന്നുമായിരുന്നു ശബരീനാഥന്‍ എംഎല്‍എയുടെ പ്രതികരണം.

അതേസമയം, സംഭവത്തില്‍ പൊലീസിന്റെ വീഴ്ച അന്വേഷിക്കാന്‍ ഡിജിപി ലോകനാഥ് ബെഹ്‌റ ഉത്തരവിട്ടു. തിരുവനന്തപുരം റൂറല്‍ എസ്പിയെ അന്വേഷണ ചുമതല ഏല്‍പ്പിച്ചു. മരിച്ചത് രാജന്‍- അമ്പിളി ദമ്പതിമാരാണ്. മരണ കാരണം പൊലീസിന്റെ അനാസ്ഥയെന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണം.

രാജന്റെ മൃതദേഹം അടക്കം ചെയ്യുന്നത് പൊലീസ് തടയാന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുന്ന അമ്പിളിയുടെ മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

ആത്മഹത്യാഭീഷണി മാത്രമായിരുന്നു ലക്ഷ്യമെന്നും പൊലീസ് ഇടപെട്ടതോടെയാണ് തീ കൊളുത്തേണ്ടി വന്നതെന്നും മരിക്കുന്നതിന് മുന്‍പായി രാജന്‍ മൊഴി നല്‍കിയിരുന്നു. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം ഒഴിപ്പിക്കല്‍ നടപടി സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് വന്നിരുന്നു. എന്നാല്‍ ഇത് മുന്‍കൂട്ടി അറിഞ്ഞാണ് പൊലീസ് ഒഴിപ്പിക്കാനായി എത്തിയതെന്നാണ് മക്കളായ രഞ്ജിത്തിന്റെയും രാഹുലിന്റെയും ആരോപണം.

തര്‍ക്കഭൂമിയിലെ ഒഴിപ്പിക്കല്‍ നടപടിക്കിടെയാണ് രാജനും ഭാര്യ അമ്പിളിയും തീ കൊളുത്തിയത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാജന് പിന്നാലെ ഭാര്യ അമ്പിളിയും മരണത്തിന് കീഴടങ്ങി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.