തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വീടൊഴിപ്പിക്കലിനിടെ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ജില്ലാ കലക്ടര്‍ ഇന്ന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. രാജന്റെയും അമ്പിളിയുടെയും മരണത്തിന് കാരണം പൊലീസും അയല്‍വാസിയുമെന്നാണ് മക്കളായ രാഹുലിന്റെയും രഞ്ജിത്തിന്റെയും പരാതി. സംഭവത്തില്‍ റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണവും ആരംഭിച്ചു.
അമ്പിളിയുടെ മൃതദേഹവുമായി പ്രതിഷേധിച്ച മക്കള്‍ക്കും നാട്ടുകാര്‍ക്കും കലക്ടര്‍ പ്രശ്നപരിഹാരം ഉറപ്പ് നല്‍കിയിരുന്നു. കുട്ടികളില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുക, സ്വന്തമായി ഭൂമിയും വീടും നല്‍കുക, തുടങ്ങിയ ആവശ്യങ്ങളും നാട്ടുകാർ ഉന്നയിച്ചിരുന്നു. അതിനിടെ അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട രഞ്ജിത്തിനെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ പൊലീസ് അന്വേഷണവും പുരോഗമിക്കുകയാണ്. റൂറല്‍ എസ്പി ബി.അശോക് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
നെയ്യാറ്റിന്‍കര അതിയന്നൂര്‍ പഞ്ചായത്തിലെ പോങ്ങില്‍ നെട്ടതോട്ടം ലക്ഷംവീട് കോളനിയില്‍ രാജന് സ്ഥലം കയ്യേറിയെന്ന് കാണിച്ച് അയല്‍വാസിയായ വസന്ത നെയ്യാറ്റിന്‍കര പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കോടതി അഭിഭാഷക കമ്മിഷനെ നിയമിച്ച് അന്വേഷണം നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി ഉത്തരവ് പ്രകാരം രാജനെയും കുടുംബത്തെയും സ്ഥലത്ത് നിന്ന് ഒഴിപ്പിക്കാനെത്തിയപ്പോഴാണ് രാജന് ഭാര്യ അമ്പിളിയെ ചേര്‍ത്തുപിടിച്ച് ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യശ്രമം നടത്തിയത്. ഗുരുതരമായി പൊള്ളലേറ്റു ചികിത്സയിൽ കഴിയവെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിൽവച്ച് രാജനും ഭാര്യ അമ്പിളിയും മരണത്തിനു കീഴടങ്ങിയത്.
ആത്മഹത്യാഭീഷണി മാത്രമായിരുന്നു ലക്ഷ്യമെന്നും പൊലീസ് ഇടപെട്ടതോടെയാണ് തീ കൊളുത്തേണ്ടി വന്നതെന്നും മരിക്കുന്നതിന് മുന്‍പായി രാജന് മൊഴി നല്‍കിയിരുന്നു. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം ഒഴിപ്പിക്കല്‍ നടപടി സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് വന്നിരുന്നു. എന്നാല്‍ ഇത് മുന്‍കൂട്ടി അറിഞ്ഞാണ് പൊലീസ് ഒഴിപ്പിക്കാനായി എത്തിയതെന്നാണ് രാജൻ-അമ്പിളി ദമ്പതികളുടെ മക്കളായ രഞ്ജിത്തിന്റെയും രാഹുലിന്റെയും ആരോപണം.
അതേസമയം, പരാതിക്കാരിയും അയൽവാസിയുമായ വസന്തയെ പൊലീസ് വീട്ടിൽ നിന്നു മാറ്റി. നാട്ടുകാരുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പൊലീസ് നടപടി. വസന്ത വീട്ടിൽ തുടർന്നാൽ മരിച്ച അമ്പിളിയുടെ മൃതദേഹം സംസ്കരിക്കില്ലെന്ന് നാട്ടുകാർ നിലപാടെടുത്തിരുന്നു. വസന്തയെ അറസ്റ്റ് ചെയ്യണമെന്ന് നാട്ടുകാർ മന്ത്രി കടകംപള്ളി സുരേന്ദ്രനോട് ആവശ്യപ്പെട്ടിരുന്നു.