നെയ്യാറ്റിൻകര: നെയ്യാറ്റിന്‍കരയില്‍ പൊള്ളലേറ്റ് മരിച്ച ദമ്പതികളുടെ മക്കള്‍ക്ക് സ്ഥലം വിട്ടുനല്‍കില്ലെന്ന് പരാതിക്കാരിയും അയല്‍വാസിയുമായ വസന്ത. ഭൂമി ആർക്കും വിട്ടുനൽകില്ലെന്നും ഭൂമി തന്റേതാണെന്ന് തെളിയിക്കുമെന്നും വസന്ത പറഞ്ഞു. ഭൂമി വേറെ ഏത് പാവപ്പെട്ടവർക്ക് കൊടുത്താലും രാജന്റെ മക്കൾക്ക് നൽകില്ലെന്നും വസന്ത പറഞ്ഞു.

“ഭൂമി ആർക്കും വിട്ടുകൊടുക്കില്ല. ഭൂമി എന്റേതാണെന്ന് തെളിയിക്കും. നിയമത്തിന്റെ വഴിയിലൂടെയാണ് ഞാൻ പോയത്. കഴുത്ത് അറുത്താലും ഈ കുടുംബത്തിനു ഭൂമി നൽകില്ല. ഗുണ്ടായിസം കാണിച്ചാണ് ഇവർ ഭൂമി കൈക്കലാക്കിയത്. ഇങ്ങനെ ഗുണ്ടായിസം കാണിച്ചവരോട് ഒരു വിട്ടുവീഴ്‌ചയുമില്ല. നിയമത്തിന്റെ മുന്നില്‍ തന്നെ മുട്ടുകുത്തിച്ചിട്ട് വേണമെങ്കില്‍ വസ്തു ഏറ്റെടുക്കാം. കോളനിക്കാര്‍ ഒന്നിച്ച് നിന്ന് തന്നെ ഒരുപാട് ദ്രോഹിച്ചു. പാവങ്ങള്‍ക്ക് വേണമെങ്കില്‍ വസ്തു നല്‍കും. പക്ഷെ ഗുണ്ടായിസം കാണിച്ചവര്‍ക്ക് ഒരിക്കലും വസ്തു വിട്ടുനല്‍കില്ല. ഇതിന്റെ പേരിൽ അറസ്റ്റ് വരിക്കാനും ജയിലിൽ കിടക്കാനും തയ്യാറാണ്,” വസന്ത പറഞ്ഞു.

Read Also: പാലക്കാട് ദുരഭിമാനക്കൊല: പ്രതികൾ കടുത്ത ശിക്ഷ നൽകണമെന്ന് ഹരിത, ഇനി അനീഷിന്റെ വീട്ടിൽ ജീവിക്കും

നെയ്യാറ്റിന്‍കര അതിയന്നൂര്‍ പഞ്ചായത്തിലെ പോങ്ങില്‍ നെട്ടതോട്ടം ലക്ഷംവീട് കോളനിയില്‍ രാജന്‍ സ്ഥലം കയ്യേറിയെന്ന് കാണിച്ച് അയല്‍വാസിയായ വസന്ത നെയ്യാറ്റിന്‍കര പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കോടതി അഭിഭാഷക കമ്മിഷനെ നിയമിച്ച് അന്വേഷണം നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി ഉത്തരവ് പ്രകാരം രാജനെയും കുടുംബത്തെയും സ്ഥലത്ത് നിന്ന് ഒഴിപ്പിക്കാനെത്തിയപ്പോഴാണ് രാജന്‍ ഭാര്യ അമ്പിളിയെ ചേര്‍ത്തുപിടിച്ച് ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യശ്രമം നടത്തിയത്. ഗുരുതരമായി പൊള്ളലേറ്റു ചികിത്സയിൽ കഴിയവെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിൽവച്ച് രാജനും ഭാര്യ അമ്പിളിയും മരണത്തിനു കീഴടങ്ങിയത്.

ആത്മഹത്യാഭീഷണി മാത്രമായിരുന്നു ലക്ഷ്യമെന്നും പൊലീസ് ഇടപെട്ടതോടെയാണ് തീ കൊളുത്തേണ്ടി വന്നതെന്നും മരിക്കുന്നതിന് മുന്‍പായി രാജന്‍ മൊഴി നല്‍കിയിരുന്നു. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം ഒഴിപ്പിക്കല്‍ നടപടി സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് വന്നിരുന്നു. എന്നാല്‍ ഇത് മുന്‍കൂട്ടി അറിഞ്ഞാണ് പൊലീസ് ഒഴിപ്പിക്കാനായി എത്തിയതെന്നാണ് രാജൻ-അമ്പിളി ദമ്പതികളുടെ മക്കളായ രഞ്ജിത്തിന്റെയും രാഹുലിന്റെയും ആരോപണം.

Read Also: സ്വപ്നക്കൊപ്പം ശിവശങ്കർ ഏഴ് തവണ വിദേശയാത്ര നടത്തിയെന്ന് കസ്റ്റംസ്

അതേസമയം, സംഭവത്തിൽ മുഖ്യമന്ത്രി ഇടപെട്ടു. കുട്ടികൾക്ക് വീട് വച്ച് നൽകുകയും ഇരുവരുടേയും സംരക്ഷണം സംസ്ഥാന സർക്കാർ ഏറ്റെടുക്കുകയും ചെയ്യും. ഇതു സംബന്ധിച്ച് അടിയന്തര നടപടിയ്ക്കുള്ള നിർദേശം മുഖ്യമന്ത്രി നൽകി. വീടുവച്ചു നൽകുന്നതുൾപ്പെടെയുള്ളകാര്യങ്ങൾ തീരുമാനിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

വസന്തയെ പൊലീസ് വീട്ടിൽ നിന്നുമാറ്റി

നെയ്യാറ്റിൻകര ദമ്പതികളുടെ മരണത്തിനു വഴിയൊരുക്കിയ ഭൂമി തർക്കത്തിലെ പരാതിക്കാരിയും അയൽവാസിയുമായ വസന്തയെ പൊലീസ് വീട്ടിൽ നിന്നു മാറ്റി. നാട്ടുകാരുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പൊലീസ് നടപടി. വസന്ത വീട്ടിൽ തുടർന്നാൽ മരിച്ച അമ്പിളിയുടെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് നാട്ടുകാർ നിലപാടെടുത്തിരുന്നു. വസന്തയെ അറസ്റ്റ് ചെയ്യണമെന്ന് നാട്ടുകാർ മന്ത്രി കടകംപള്ളി സുരേന്ദ്രനോട് ആവശ്യപ്പെട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.