തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവാവിനെ കാറിനു മുന്നിലേക്ക് തള്ളിയിട്ടുകൊന്ന കേസില്‍ ഡിവൈഎസ്പി ഹരികുമാറിനെ ഇന്ന് അറസ്റ്റു ചെയ്യണമെന്നു അന്വേഷണസംഘത്തിനു ഡിജിപിയുടെ കര്‍ശന നിര്‍ദേശം. കോടതിയില്‍ കീഴടങ്ങിയാല്‍ പൊലീസിനു നാണക്കേടാകുമെന്നും എന്തുവില കൊടുത്തും അത്തരം സാഹചര്യം ഒഴിവാക്കണമെന്നുമാണ് നിര്‍ദേശം. അതേസമയം പ്രതികളെ സിപിഎം സംരക്ഷിക്കുന്നെന്ന വാദം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ നിഷേധിച്ചു.
അതേസമയം, ഡിവൈഎസ്പി ഹരികുമാര്‍ ഒളിവിൽ കഴിയുന്ന സ്ഥലം കണ്ടെത്തിയതായി സൂചന. മൂന്നാറിനടുത്ത് കേരള-തമിഴ്‌നാട് അതിര്‍ത്തിക്കു സമീപം ഇയാള്‍ ഉള്ളതായാണ് വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി കെ.എം.ആന്റണി സ്ഥലത്തെത്തിയതായും സൂചനയുണ്ട്.
ഇയാളുടെ ബന്ധുക്കളുടെയും മറ്റും മൊബൈല്‍ ഫോണ്‍ നിരീക്ഷണത്തിലൂടെയാണ് അന്വേഷണസംഘത്തിന് ഇവര്‍ ഒളിവിൽ കഴിയുന്ന സ്ഥലം സംബന്ധിച്ച സൂചന ലഭിച്ചത്. അതേസമയം, ഇയാള്‍ അവിടെനിന്നു രക്ഷപ്പെട്ട് കോടതിയില്‍ കീഴടങ്ങാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ശനിയാഴ്ച ഹരികുമാര്‍ കീഴടങ്ങുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല.
അതേസമയം, സനല്‍കുമാറിന്റെ ഭാര്യയ്ക്ക് ജോലി നല്‍കാന്‍ പൊലീസ് ശുപാര്‍ശ. സനലിന്റെ കുടുംബം നല്‍കിയ അപേക്ഷയിലാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ജോലിക്കായി ശുപാര്‍ശ ചെയ്തത്. കേസിലെ പ്രതിയായ ഡിവൈഎസ്പി പി.ഹരികുമാറിനെ പിടികൂടാന്‍ അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല.
കേസ് അന്വേഷണം സിബിഐയെ ഏല്‍പിക്കണമെന്ന് സനലിന്റെ കുടുംബം ആവശ്യപ്പെട്ടു. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ല. തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും സനലിന്റെ കുടുംബം അറിയിച്ചു. ഹരികുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം 14 ലേക്കു മാറ്റിയിരുന്നു.