/indian-express-malayalam/media/media_files/uploads/2018/11/sanal-harikumar.jpg)
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ഡിവൈഎസ്‌പി റോഡിലേക്ക് തള്ളിയിട്ടതിനെ തുടർന്ന് വാഹനം ഇടിച്ച് മരിച്ച സനലിന്റെ കുടുംബത്തിന് സർക്കാർ സഹായം ലഭിച്ചില്ല. അതേസമയം, 22 ലക്ഷം രൂപ കടബാധ്യതയുളള കുടുംബം ജപ്തി ഭീഷണിയിലുമാണ്. സനലിന്റെ ഭാര്യക്ക് ജോലി നൽകണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. സഹായം നൽകുമെന്ന് സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
എന്നാൽ സംഭവം നടന്ന് ഒരു മാസമായിട്ടും ഒരു രൂപപോലും സഹായമായി ലഭിച്ചില്ലെന്ന് കുടുംബം പരാതിപ്പെടുന്നു. സനലിന്റെ പിതാവ് സംസ്ഥാന സർക്കാർ സർവ്വീസിലിരിക്കെ കടം കയറി ആത്മഹത്യ ചെയ്യുകയായിരുന്നു. ഈ ബാധ്യതയാണ് ഇപ്പോൾ 22 ലക്ഷം രൂപയായിരിക്കുന്നത്.
നവംബർ അഞ്ചാം തീയതി രാത്രി കൊടങ്ങാവിളയിൽ വച്ചാണ് സനൽ കൊല്ലപ്പെടുന്നത്. സ്വകാര്യ പണമിടപാടു സ്ഥാപനം നടത്തുന്ന കെ.ബിനുവിന്റെ വീട്ടിലെത്തിയതായിരുന്നു ഹരികുമാർ. രാത്രി സ്വന്തം വീട്ടിലേക്ക് പോകാൻ പുറത്തിറങ്ങിയപ്പോൾ തന്റെ കാറിനു മുന്നിൽ മറ്റൊരു കാർ നിർത്തിയിട്ടിരിക്കുന്നതു കണ്ട് ഡിവൈഎസ്‌പി രോഷാകുലനായി.
സമീപത്തെ തട്ടുകടയിൽ ഭക്ഷണം കഴിക്കുകയായിരുന്ന സനലിന്റേതായിരുന്നു കാർ. ആക്രോശം കേട്ട് ഓടിവന്ന സനലിനോടും ഇദ്ദേഹം തട്ടിക്കയറി. യൂണിഫോമിൽ അല്ലാതിരുന്നതിനാൽ ഡിവൈഎസ്പിയെ സനൽ തിരിച്ചറിഞ്ഞില്ല. തർക്കം മൂത്തപ്പോൾ ഹരികുമാർ സനലിനെ റോഡിലേക്കു തള്ളുകയായിരുന്നെന്നു ദൃക്സാക്ഷികൾ പറഞ്ഞു.
അമിത വേഗത്തിൽ വന്ന കാറിനു മുന്നിലേക്കാണു സനൽ വീണത്. അപകടം നടന്നതോടെ ഹരികുമാർ ഇവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. സനലിനെ ജനറൽ ആശുപത്രിയിലും തുടർന്നു മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സനലിന്റെ കൊലപാതകത്തിനു പിന്നാലെ ഡിവൈഎസ്പി ഹരികുമാറിനെ സ്വന്തം വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നവംബർ 13 നാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. തമിഴ്നാട്ടിൽ ഒളിവിലാണെന്ന സംശയത്തിൽ തിരച്ചിൽ തുടരുന്നതിനിടെയായിരുന്നു മൃതദേഹം കണ്ടെത്തിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us