കോഴിക്കോട്:  പുണെയിലെ ഇൻഫോസിസ് ഓഫിസിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ രസീല രാജു കോഴിക്കോട് സ്വദേശിനി. ഇന്നലെ രാത്രിയാണ് രസീലയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.  സംഭവത്തെ തുടർന്ന് അസംകാരനായ സുരക്ഷ ജീവനക്കാരൻ ബാബൻ സൈക്യയെ പൊലീസ് അറസ്റ്റ് ചെയ്തു.

ബാബൻ സൈക്യ തന്നെ തുറിച്ചു നോക്കി ശല്യം ചെയ്യുന്നെന്ന് പറഞ്ഞ് രസീല കഴിഞ്ഞ ദിവസം ഇയാളുമായി തർക്കത്തിലേർപ്പെട്ടിരുന്നു. ഇനി ആവർത്തിച്ചാൽ പരാതി നൽകുമെന്ന് താക്കീതും നൽകിയിരുന്നു. ഞായറാഴ്‌ച ഓഫിസിലെത്തിയ രസീലയുമായി ഇയാൾ തർക്കത്തിലേർപ്പെടുകയും അവസാനം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. കംപ്യൂട്ടറിന്റെ വയർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച നിലയിലായിരുന്നു മൃതദേഹം.

പ്രതി കുറ്റം സമ്മതിച്ചെങ്കിലും ശക്തമായ തെളിവുകൾ കണ്ടെത്താനായി പ്രത്യേക അനേഷ്വണസംഘത്തിന് പുണെ പൊലീസ് രൂപം നൽകിയിട്ടുണ്ട്. രസീലയുടെ ടീം ലീഡറായ അഭിജിത്ത് കോത്താരിയുടെ പരാതിയിലാണ് പൊലീസ് പ്രതിയ്‌ക്കെതിരെ എഫ്ഐആർ റജിസ്‌റ്റർ ചെയ്തിട്ടുള്ളത്.

കമ്പനിയുടെ കെട്ടിടത്തിന്റെ ഒൻപതാം നിലയിൽ രസീല ജോലി ചെയ്യുന്ന സ്ഥലത്തിനടുത്താണ് മൃതദേഹം കണ്ടെത്തിയത്. ജോലികൾ ചെയ്ത് തീർക്കാനാണ് യുവതി ഞായറാഴ്ചയായിട്ടും ഓഫിസിലെത്തിയതെന്ന് ഇൻഫോസിസ് അധികൃതർ പൊലീസിനോട് പറഞ്ഞു. എന്നാൽ രാത്രി വിളിച്ചിട്ട് യാതൊരു വിധ പ്രതികരണവും ഇല്ലാത്തതിനാൽ മാനേജരുടെ നിർദേശ പ്രകാരം ജീവനക്കാർ നടത്തിയ തിരച്ചിലിലാണ് രസീല മരിച്ചതായി കണ്ടെത്തിയത്.  തുടർന്ന് പൊലീസ് സ്ഥലത്തെത്തി  പരിശോധന നടത്തി ബാബനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.  സെക്യൂരിറ്റി ക്യാമറകളിലെ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയിലെ കുരുവട്ടൂരിനടുത്ത് കിഴക്കാൽ കടവ് സ്വദേശിയാണ് രസീല. കോഴിക്കോട് കുന്ദമംഗലം പൊലീസ് സ്‌റ്റേഷനിൽ ഹോംഗാർഡാണ് രസീലയുടെ പിതാവ് രാജു. അമ്മ മൂന്ന് വർഷം മുൻപ് മരിച്ചിരുന്നു. ഏക സഹോദരൻ രിജീഷ് വിദേശത്താണ്.

തമിഴ്‌നാട്ടിൽ   നിന്ന് എൻജിനീയറിങ് ബിരുദം പൂർത്തിാക്കിയ രസീലയ്‌ക്ക് ക്യംപസ് റിക്രൂട്ട്മെന്റിലൂടെയാണ് ഇൻഫോസിസിൽ ജോലി കിട്ടുന്നത്. രണ്ടര വർഷത്തോളം ബെംഗളൂരുവിലുണ്ടായിരുന്ന ജസീല ആറ് മാസം മുൻപാണ് പുണെയിലെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ