കോഴിക്കോട്: വിനോദസഞ്ചാര കേന്ദ്രമായ ജാനകിക്കാടിനോടു ചേര്‍ന്ന പുഴയില്‍ ദമ്പതികൾ ഒഴുക്കില്‍പ്പെട്ട് നവവരന്‍ മരിച്ചു. പേരാമ്പ്ര കടിയങ്ങാട് മുണ്ടുപാലം മൂഴി കുളപ്പുറത്ത് കൃഷ്ണദാസിന്റെ സ്വദേശി റിജിലാൽ (28) ആണ് മരിച്ചത്.
റിജിലാലിന്റ ഭാര്യ പാലേരി വടക്കുമ്പാട് സ്വദേശി കനികയെ മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചങ്ങരോത്ത് പഞ്ചായത്തിലെ ചവറംമൂഴി കുരിശുപള്ളിക്കു സമീപം രാവിലെ പതിനൊന്നോടെയായിരുന്നു അപകടം. റിജിലിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പേരാമ്പ്ര ഗവ. താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
റിജിലാലും കനികയും പുഴയിലിറങ്ങി മൊബൈൽ ഫോണിൽ ഫൊട്ടോയെടുക്കുന്നതിനിടെയാണ് അപകടമെന്നാണ് വിവരം. ഇരുവരും കനികയുടെ പിതാവ് സുരേഷിനും മറ്റൊരു ബന്ധുവിനുമൊപ്പമാണ് എത്തിയത്. ഇവർ പുഴയിൽ ഇറങ്ങിയപ്പോൾ അരയ്‌ക്കൊപ്പമേ വെള്ളമുണ്ടായിരുന്നുള്ളൂവെന്നും അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിലുണ്ടാകുകയായിരുന്നുവെന്നും മറ്റൊരു ബന്ധു പറഞ്ഞു.
Also Read: നടിയെ ആക്രമിച്ച കേസ്: നാലാം പ്രതി വിജീഷിന് ജാമ്യം, സാക്ഷിയുടെ പൊലീസ് പീഡന ഹർജി തള്ളി
മാർച്ച് 14നായിരുന്നു ദമ്പതികളുടെ വിവാഹം. ഔട്ട്‌ഡോര്‍ ഷൂട്ടിങ്ങിനായി ഇവർ കഴിഞ്ഞദിവസം ഇതേ സ്ഥലത്ത് എത്തിയിരുന്നു. ഇന്ന് ബന്ധുക്കൾക്കൊപ്പമാണ് ദമ്പതികൾ എത്തിയതെന്നും ഫൊട്ടൊഗ്രാഫർ കൂടെ ഉണ്ടായിരുന്നോയെന്നതിൽ വ്യക്തത വന്നിട്ടില്ലെന്നുമാണ് പെരുവണ്ണാമൂഴി പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം.
ദമ്പതികള്‍ ഒഴുക്കിൽപ്പെട്ടതോടെ, ബന്ധുക്കളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ ഒരു ലോറി ഡ്രൈവറാണ് ഇരുവരെയും പുറത്തെടുത്തത്. യുവതി അപകടനില തരണം ചെയ്തതായാണ് വിവരം.
പ്രകൃതി രമണീയമായ ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തിനു സമീപത്തെ പുഴയിൽ കുളിക്കാൻ പ്രദേശവാസികളെന്ന പോലെ ദൂരെ സ്ഥലങ്ങളിലുള്ളവരും സ്ഥിരമായി എത്താറുണ്ട്. ഉരുളൻ കല്ലുകളും ചുഴികളും നിറഞ്ഞ പുഴയിൽ അപ്രതീക്ഷിതമായി മലവെള്ളപ്പാലിച്ചുണ്ടാകാറുണ്ട്. മഴക്കാലത്ത് കുത്തിയൊലിച്ച് ഒഴുകുന്നതാണ് ഈ പുഴ.
അപകടത്തിൽപ്പെട്ട ദമ്പതികളുടെ വീടുകൾ അടുത്തടുത്ത പ്രദേശങ്ങളിലാണ്. ഇവരുടെ വീടിന് ഏതാനും കിലോ മീറ്റര്‍ മാത്രം അകലെയാണ് ജാനകിക്കാട് സ്ഥിതി ചെയ്യുന്നത്.