കൊച്ചി: മൂന്നു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ പള്ളിയില്‍ ഉപേക്ഷിച്ച് ദമ്പതികള്‍. കൊച്ചി എളമക്കര പള്ളിയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് പോകുന്ന ദമ്പതികളുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. സംഭവത്തില്‍ ദമ്പതികളെ പൊലീസ് തിരിച്ചറിഞ്ഞു. പിതാവായ വടക്കാഞ്ചേരി സ്വദേശി ടിറ്റോയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പള്ളി അധികൃതര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കുഞ്ഞിനെ ഉപേക്ഷിച്ച് പോകുന്നത് കണ്ടത്. എളമക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്.

ഒന്നിച്ചെത്തിയ യുവാവും യുവതിയുമാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. ഇവര്‍ക്കൊപ്പം മൂന്ന് വയസ് പ്രായം തോന്നിക്കുന്ന മറ്റൊരു കുട്ടിയുമുണ്ടായിരുന്നു. ഏതു സാഹചര്യത്തിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത് എന്ന് വ്യക്തമായിട്ടില്ല.

കൈക്കുഞ്ഞുമായി യുവതിയും യുവാവും മറ്റൊരു കുട്ടിയും പള്ളിയുടെ മുന്നിലൂടെ നടക്കുന്നതും പിന്നീട് ഈ യുവാവ് കുഞ്ഞിനെ പാരിഷ് ഹാളില്‍ ഉപേക്ഷിച്ച് പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ