പാലക്കാട്: കരിങ്കല്ലത്താണിയിലെ ഡോക്ടർ ദമ്പതിമാർ താമസിക്കുന്ന വീട്ടിലെ പരിശോധന മുറിയോടു ചേർന്ന ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

രോഗികൾക്ക് ഉപയോഗിക്കാനുളള ശുചിമുറിയിലെ ക്ലോസറ്റിലാണ് മൃതദേഹം കാണപ്പെട്ടത്. പെൺകുഞ്ഞിന്റെ മൃതദേഹമാണ് ശുചിമുറിയിലെ ക്ലോസറ്റിൽ നിന്നും കണ്ടെത്തിയത്.

വെളളിയാഴ്ച രാവിലെ വീട്ടുജോലിക്കെത്തിയ സ്ത്രീ ക്ലോസറ്റ് അടഞ്ഞ നിലയിലാണെന്ന് ഡോക്ടറെ അറിയിച്ചു. ഉച്ചയോടെ ഡോക്ടർ, അടുത്ത വീട്ടിൽ ജോലി ചെയ്തിരുന്ന പ്ലംബർമാരെ വരുത്തിയാണ് പരിശോധിച്ചത്. ശുചിമുറിയിൽ വെളളം കെട്ടിനിൽക്കുന്നത് പരിശോധിക്കുന്നതിനിടയിലാണ് കുട്ടിയുടെ തല ഭാഗം ക്ലോസറ്റിൽ കണ്ടത്. ബന്ധുവീട്ടിൽ പോയിരുന്ന ഡോക്ടർ അബ്ദുൽ റഹ്മാനും ഭാര്യ ഹസീന റഹ്മാനും തിരികെ എത്തിയത് അടുത്ത ദിവസമായിരുന്നു. ജനറൽ മെഡിസിൻ വിഭാഗം ഡോക്ടർമാരാണ് ഇരുവരും.

തുടർന്ന്, കരിങ്കല്ലത്താണി ചോലയിൽ ഡോ.അബ്ദുൽ റഹ്മാൻ നൽകിയ പരാതിയെത്തുടർന്ന് നാട്ടുകൽ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്ത് എടുത്തു. മഞ്ചേരി മെഡിക്കൽ​ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. പോസ്റ്റ്‌മോർട്ടം കഴിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. ഏകദേശം എട്ട് മാസം വളർച്ചയെത്തിയ ശിശു ഗർഭാവസ്ഥയിൽ മരിച്ചുവെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ നിഗമനമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മറുപിള്ളയുടെ സാന്നിധ്യം കണ്ടെതിനാൽ ശുചിമുറിയിൽ തന്നെ പ്രസവം നടന്ന് ഉപേക്ഷിച്ചതാകാമെന്ന സംശയത്തിലാണ് പൊലീസ്. പ്രസവത്തിന് തൊട്ട് മുമ്പോ തൊട്ട് ശേഷമോ ആയിരിക്കാം കുഞ്ഞ് മരിച്ചതെന്നും മരിച്ച കുട്ടിയുടെ ശരിരമായിരിക്കും ക്ലോസറ്റിൽ ഉപേക്ഷിച്ചതെന്നും എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കണ്ടെത്തുമ്പോൾ ഒരു ദിവസത്തെ പഴക്കം ഉണ്ടായായിരുന്നതായാണ് പൊലീസ് വിലയിരുത്തുന്നത്. കുഞ്ഞ്​​ആരുടേതാണ് എന്ന് കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. പരിശോധനയ്ക്കായി എത്തിയ രോഗികളുടെ വിവരം ശേഖരിച്ച് സംഭവത്തെ കുറിച്ച് അന്വേഷണം ശക്തമാക്കിയതായി പൊലീസ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.