ആലപ്പുഴ: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നവജാത ശിശുവും അമ്മയും പ്രസവത്തിന് തൊട്ടുപിന്നാലെ മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. ബന്ധുക്കളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ ആരോഗ്യമന്ത്രി വീണ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് വിദഗ്ധ സമിതി രൂപീകരിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് നിര്‍ദേശം.
പ്രസവസമയത്ത് അമ്മയുടേയും കുഞ്ഞിന്റേയും ഹൃദയമിടിപ്പ് 20 ശതമാനത്തില്‍ താഴെയായിരുന്നെന്ന് ആശുപത്രി സൂപ്രണ്ട് അബ്ദുള്‍ സലാം പറഞ്ഞു. “പൊക്കിള്‍ക്കൊടി പുറത്ത് വന്നപ്പോഴാണ് സിസേറിയന് തീരുമാനിച്ചത്. ചികിത്സിച്ച മുതിര്‍ന്ന ഡോക്ടര്‍ പ്രസവ സമയത്ത് ഒപ്പമുണ്ടായിരുന്നു. ബന്ധുക്കളുടെ ആരോപണം ശരിയല്ല,” അബ്ദുള്‍ സലാം വ്യക്തമാക്കി.
കൈനകരി സ്വദേശിയായ അപര്‍ണയും കുഞ്ഞുമാണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ചികിത്സാ പിഴവ് മൂലമാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കളുടെ ഭാഗത്ത് നിന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ നടപടി.
അടിയന്തര ചികിത്സ നല്‍കുന്നതിനായി മുതിര്‍ന്ന ഡോക്ടര്‍മാർ ആരും ഇല്ലായിരുന്നെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. അപര്‍ണയെ പരിചരിച്ച ഡോക്ടര്‍മാരുള്‍പ്പടെയുള്ള ആശുപത്രി ജീവനക്കാര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
പ്രസവത്തിന് പിന്നാലെ തന്നെ കുഞ്ഞ് മരിക്കുകയായിരുന്നു. കുഞ്ഞിനെ പുറത്തെടുത്തപ്പോള്‍ ഹൃദയമിടിപ്പ് ഇല്ലായിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ നല്കുന്ന വിശദീകരണം. എന്നാല്‍ കുഞ്ഞിന്റെ മരണത്തില്‍ ആദ്യം തന്നെ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതില്‍ അന്വേഷണം നടത്തുമെന്ന് ആശുപത്രി സൂപ്രണ്ടും അറിയിച്ചു.
എന്നാല്‍ ഇന്ന് പുലര്‍ച്ചയോടെ അപര്‍ണയും മരിക്കുകയായിരുന്നു. രക്തസമ്മര്‍ദം താഴ്ന്നതാണ് അപര്‍ണ മരിക്കാനുള്ള കാരണമായതെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ അപര്‍ണയുടെ മരണത്തോടെ ചികിത്സാ പിഴവെന്ന ആരോപണം ബന്ധുക്കള്‍ കൂടുതല്‍ ശക്തമാക്കുകയും ആശുപത്രിയില്‍ പ്രതിഷേധിക്കുകയും ചെയ്തു.