കൊച്ചി: പുതുവത്സരാഘോഷത്തിനായി കേരളം ഒരുങ്ങി. സംസ്ഥാനത്തെ വിവിധ സഞ്ചാര കേന്ദ്രങ്ങളിലും ഹോട്ടലുകളും റിസോർട്ടുകളും തയാറെടുത്തു കഴിഞ്ഞു. ഫോര്‍ട്ട് കൊച്ചിയാണു പ്രധാന ആഘോഷ കേന്ദ്രം. കൂറ്റന്‍ പപ്പാനിയെ കത്തിച്ചു കൊണ്ടാണു ഫോര്‍ട്ട് കൊച്ചി പുതുവത്സരത്തിലേക്കു പ്രവേശിക്കുക.
പപ്പാനിയെ കത്തിക്കുന്നതു കാണാനും പുതുവത്സരാഘോഷത്തിന്റെ ഭാഗമായി കൊച്ചിന്‍ കാര്‍ണിവലില്‍ പങ്കെടുക്കാനുമായി ആയിരങ്ങളാണു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു ഫോര്‍ട്ട് കൊച്ചിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഫോര്‍ട്ട് കൊച്ചിയിലും പരിസരങ്ങളിലും വന്‍ സുരക്ഷാ സന്നാഹങ്ങളാണു പൊലീസ് ഒരുക്കിയിരിക്കുന്നത്. ന്യൂ ഇയര്‍-കാര്‍ണിവല്‍ റാലിയുമായി ബന്ധപ്പെട്ട് സന്ദര്‍ശകരുടെ വരവുമൂലമുണ്ടാകുന്ന ഗതാഗത പ്രശ്‌നങ്ങളും തിരക്കുകളും മുന്‍നിര്‍ത്തിക്കൊണ്ടുള്ള ക്രമീകരണങ്ങളാണ് പൊലീസ് തയാറാക്കിയിരിക്കുന്നത്.
ഫോര്‍ട്ട്‌കൊച്ചിയില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം പൊലീസ് തുറന്നിട്ടുണ്ട്. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ മൂന്ന് അസിസ്റ്റന്റ് കമ്മിഷണര്‍മാര്‍, ആറ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, 40 എസ്‌ഐമാര്‍, 400 പൊലീസുകാര്‍ എന്നിവരെയാണ് വിവിധ കേന്ദ്രങ്ങളിലായി വിന്യസിച്ചിരിക്കുന്നത്.
പ്രത്യേകം തയാറാക്കിയ മൂന്ന് വാച്ച് ടവറുകളില്‍നിന്ന് ഒരേ സമയം അഞ്ച് വീഡിയോ ക്യാമറകള്‍ ഉപയോഗിച്ചുള്ള ലൈവ് റെക്കോര്‍ഡിങ് സംവിധാനങ്ങള്‍ പൊലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളുടെ സുരക്ഷക്കായി 50 വനിതാ പൊലീസുകളെ വിന്യസിക്കും. ബീച്ചിലെഎത്തുന്ന വിദേശികള്‍ക്കായി പ്രത്യേക സ്ഥലവും പൊലീസ് സജ്ജമാക്കിയിട്ടുണ്ട്.

ന്യൂയര്‍ ആഘോഷങ്ങള്‍ക്കു ശേഷം മടങ്ങിപ്പോകാന്‍ രാത്രി 12നു ശേഷം ബസ് സര്‍വിസുകള്‍ ഏര്‍പ്പെടുത്തിയതായി പൊലീസ് അറിയിച്ചു. പുതുവത്സര ദിനത്തില്‍ വെളി മുതല്‍ ബസ് സ്റ്റാന്‍ഡ് വരെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. ഫോര്‍ട്ട്‌കൊച്ചിയിലേക്കു വരുന്ന വാഹനങ്ങള്‍ വെളിയില്‍നിന്ന് അമരാവതി, കുന്നുംപുറം വഴി തിരിച്ചുവിടും. ഫോര്‍ട്ട്‌കൊച്ചിയില്‍നിന്നു തോപ്പുംപടിയിലേക്കു പോകുന്ന വാഹനങ്ങള്‍ അമരാവതിയില്‍നിന്നു അജന്ത തിയറ്റര്‍ റോഡ് വഴിയും തിരിച്ചുവിടും.
ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി ഫോര്‍ട്ട് കൊച്ചി കെബി ജേക്കബ് റോഡിലെ പാര്‍ക്കിങിനും നിരോധനമുണ്ട്. ഇതിനു പകരമായി പള്ളത്ത് രാമന്‍ മൈതാനം, വെളി മൈതാനം, ബിഷപ്പ് ഗ്രൗണ്ട് തുടങ്ങിയ സ്ഥലങ്ങളില്‍ പാര്‍ക്കിങ് സൗകര്യം ഒരുക്കി. അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കാനായി ജങ്കാര്‍ സേവനം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
പുതുവത്സരാഘോഷത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചി നഗരത്തില്‍ പൊലീസും മോട്ടോര്‍ വാഹന വകുപ്പും ഇന്ന് കര്‍ശന വാഹന പരിശോധന നടത്തും. വൈകിട്ട് ആറ് മുതല്‍ ജനുവരി ഒന്നിനു പുലര്‍ച്ചെ ആറുവരെയാണു പരിശോധന. മദ്യപിച്ച് വാഹനം ഓടിക്കുക, ബൈക്കില്‍ മൂന്നുപേര്‍ വീതമുള്ള യാത്ര, ഹെല്‍മറ്റ് ഇല്ലാതെയുള്ള യാത്ര , റോഡിന്റെ ഇടത് വശത്ത് കൂടി മറികടക്കല്‍, പച്ച ലൈറ്റ് തെളിയാതെ സിഗ്‌നല്‍ മറികടക്കുക എന്നിവയെല്ലാം പരിശോധിക്കും.