കൊച്ചി: ഒരു വർഷത്തെ മുഴുവൻ ദുഃഖങ്ങൾ പപ്പാഞ്ഞിക്കൊപ്പം കരിച്ചു കളഞ്ഞു കൊണ്ടാണ് കൊച്ചിക്കാർ പുതുവർഷം ആഘോഷിക്കുന്നത്. കേരളക്കരയെ ആകമാനം ദുഃഖത്തിലാഴ്ത്തിയ പ്രളയത്തെ മനകരുത്ത് കൊണ്ടു നേരിട്ട കടലിന്റെ മക്കൾക്ക് ആദരവായിട്ടാണ് ഇക്കൊല്ലം ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ പപ്പാഞ്ഞി ഒരുങ്ങുന്നത്.കൊച്ചിൻ കാർണിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പുതുവത്സരാഘോഷ പരിപാടിയിൽ പപ്പാഞ്ഞിയെ കത്തിക്കുന്ന വേറിട്ട ആഘോഷമാണ് ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളെ പുതുവർഷത്തിൽ ഫോർട്ട് കൊച്ചിയിലെത്താൻ പ്രേരിപ്പിക്കുന്നത്.

ചിത്രകാരനും ‘കൊച്ചിക്കാർ’ എന്ന പുസ്തകത്തിന്റെ രചയിതാവുമായ ബോണി തോമസാണ് പപ്പാഞ്ഞിയെ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രളയത്തിൽ കൈ മെയ് മറന്ന് രക്ഷാപ്രവർത്തനം നടത്തിയ മത്സ്യ തൊഴിലാളികൾക്കാണ് ഈ വർഷത്തെ പപ്പാഞ്ഞിയെ സമർപ്പിക്കുന്നത് എന്നാണ് ബോണി തോമസ് പറഞ്ഞത്. പപ്പാഞ്ഞിയോടൊപ്പം കൂറ്റൻ പങ്കായവും ഒരുക്കിയിട്ടുണ്ട്. പൊന്നാരിമംഗലം സ്വദേശി ഷേബൽ ഡിസൂസയക്കും സംഘത്തിനുമാണ് നിർമ്മാണ ചുമതല. ഇരുമ്പ് ഫ്രെയിമിൽ ചണച്ചാക്കും, വൈക്കോലും, തുണിയും ഉപയോഗിച്ചാണ് പപ്പാഞ്ഞിയെ നിർമ്മിച്ചിരിക്കുന്നത്. പൂർണ്ണമായും പരിസ്ഥിതി സൗഹാർദ സാമഗ്രികൾ ഉപയോഗിച്ചാണ് പപ്പാഞ്ഞിയെ നിർമ്മിച്ചിരിക്കുന്നതെന്നാണ് ഷേബൽ അവകാശപ്പെടുന്നത്.

ഫൊട്ടോ: ഹരികൃഷ്ണൻ.കെ.ആർ
പപ്പാഞ്ഞിയെ കത്തിക്കുന്ന പതിവ് ഫോർട്ട് കൊച്ചിൽ എന്ന തുടങ്ങി എന്ന ചോദ്യം ചെന്നെത്തുന്നത് ഫോർട്ട് കൊച്ചിക്കുണ്ടായിരുന്ന പോർചുഗീസ് ബന്ധത്തിലാണെന്നാണ് ബോണി തോമസ് പറയുന്നത്. “ഗ്രാൻഡ് ഫാദർ ” എന്ന് അർത്ഥം വരുന്ന പോർച്ചുഗീസ് പദമാണ് പപ്പാഞ്ഞി. പപ്പാഞ്ഞിക്ക് സാന്റാക്ലോസുമായി യാതൊരു ബന്ധവുമില്ല. 1503ൽ പോർച്ചുഗിസുകാർ ഫോർട്ട് കൊച്ചിയിൽ പണികഴിപ്പിച്ച ഫോർട്ട് ഇമ്മാനുവൽ കോട്ടയിൽ നിന്നാണ് ഫോർട്ട് കൊച്ചിയുടെ പോർച്ചുഗീസ് ബന്ധം ആരംഭിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ യൂറോപ്പ്യൻ പള്ളിയാണ് ഫോർട്ട് ഇമ്മാനുവൽ. ഫോർട്ട് ഇമ്മാനുവലിൽ നിന്നാണ് കൊച്ചിക്ക് മുന്നിൽ ഫോർട്ട് എന്ന പദം വരുന്നത്. ഇമ്മാനുവൽ കോട്ടയോട് ചേർന്ന് ഇന്ത്യയിലെ ആദ്യത്തെ കത്തോലിക്കൻ കോളനി കൊച്ചിയിൽ ഉയർന്നു. ക്രിസ്‌മസ്, ന്യു ഇയർ ആഘോഷങ്ങൾ ഗംഭീരമായി ആഘോഷിക്കുന്നവരായിരുന്നു കത്തോലിക വിശ്വാസികൾ. ഇവരുടെ സ്വാധീനമായിരിക്കാം പപ്പാഞ്ഞിയെ കത്തിക്കുന്ന ആഘോഷത്തിന് പിന്നിൽ.
ഈ വർഷത്തെ പുതുവത്സരാഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ മുസിരീസ് ബിനാലെയും ഉണ്ടെന്ന പ്രത്യേകതയുമുണ്ട്.
വാഹന ഗതാഗത നിയന്ത്രണം
പുതുവത്സരാഘോഷം പ്രമാണിച്ച് ഇന്ന് വൈകിട്ട് ആറ് മണിക്ക് ശേഷം ഫോർട്ട് കൊച്ചിയിലേക്കുള്ള വാഹന ഗതാഗതം നിരോധിക്കും. 11 മണിയോടെ പൊതുജനങ്ങൾക്കുള്ള പ്രവേശനവും തടയും. ഫോർട്ട് കൊച്ചിയിലേക്കുള്ള ബോട്ടുകൾ ഇന്ന് അധിക സർവ്വീസ് നടത്തും. റോ-റോ രണ്ടും സർവ്വീസ് നടത്തും. ഇതിൽ ഒന്ന് രാത്രി 10 വരെയും മറ്റേത് ജനുവരി ഒന്ന് വെളുപ്പിന് രണ്ടു മണി വരെയും സർവ്വീസ് നടത്തും.
ജലഗതാഗത വകുപ്പിന്റെ വേഗ ബോട്ട് ഇന്ന് രാത്രി 10 മണി വരെ എറണാകുളത്ത് നിന്ന് ഫോർട്ട് കൊച്ചി കമാലക്കടവ് ജെട്ടിയിലേക്ക് സർവ്വീസ നടത്തും, മറ്റു നാലു ബോട്ടുകൾ രാത്രി 12.30 വരെയും സർവ്വീസ് നടത്തും.
പുതുവത്സരാഘോഷം പ്രമാണിച്ച് കൊച്ചി മെട്രോ അധിക സർവ്വീസുകൾ നടത്തും. പുലർച്ചെ ഒരു മണി വരെ മെട്രോ സർവ്വീസുണ്ടാകും.