കൊച്ചി: മലയാള സിനിമയില്‍ പുതിയ വനിതാ കൂട്ടായ്മയ്ക്ക് തുടക്കം കുറിച്ചു. ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരള(ഫെഫ്ക)യുടെ നേതൃത്വത്തില്‍ രൂപീകരിച്ച പുതിയ കൂട്ടായ്മയുടെ അധ്യക്ഷ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയാണ്. സമിതിയുടെ ആദ്യ യോഗം കൊച്ചിയില്‍ ചേര്‍ന്നു.

സിനിമയിലെ അടിസ്ഥാന മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നം കേള്‍ക്കാനും അതിനുള്ള പരിഹാരം കണ്ടെത്താനുമാണ് പുതിയ കൂട്ടായ്മയെന്ന് ഭാഗ്യലക്ഷ്മി  പറഞ്ഞു.

‘ഏറെ നാളുകളായി ഇങ്ങനെയൊരു കൂട്ടായ്മയെക്കുറിച്ച് ചിന്തിക്കുന്നു. 6000 അംഗങ്ങളുള്ള ഫെഫ്കയില്‍ അതിന്റെ ജനറല്‍ ബോഡിയില്‍ ഞാന്‍ മാത്രമേ സ്ത്രീ ആയിട്ടുള്ളൂ. അപ്പോള്‍ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും അതിന് പരിഹാരം കണ്ടെത്താനും ഒരു പ്രത്യേക സംഘടന ആവശ്യമാണെന്നുള്ള തിരിച്ചറിവില്‍ നിന്നാണ് ഇതുണ്ടായത്. ഇപ്പോള്‍ തന്നെ 40 മുതല്‍ 50 വരെ അംഗങ്ങള്‍ സംഘടനയിലുണ്ട്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍, മെയ്ക് അപ് ആര്‍ട്ടിസ്റ്റുകള്‍, എഡിറ്റര്‍മാര്‍, സക്രിപ്റ്റ് എഴുത്തുകാര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് അംഗങ്ങള്‍. ഗാനരചയിതാവ് ജയഗീതയെ പോലുള്ളവരുമായെല്ലാം ആലോചിച്ചാണ് ഇത് ആരംഭിച്ചത്.’

വിമണ്‍ ഇന്‍ സിനിമാ കളക്ടീവിനെക്കുറിച്ചോ നടിമാരുടെ അംഗത്വത്തെക്കുറിച്ചോ ഇപ്പോള്‍ ചര്‍ച്ച ചെയ്തിട്ടോ ആലോചിച്ചിട്ടോ ഇല്ലെന്നും ഇന്ത്യന്‍ എക്‌സ്പ്രസ്സ് മലയാളത്തോട് ഭാഗ്യലക്ഷ്മി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ