തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ഗാതാഗത കുരുക്ക് പരിഹരിക്കാൻ പുതിയ പദ്ധതിയുമായി കേരള പൊലീസ്. ദുബായ് മാതൃകയില്‍ ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം നടപ്പാക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. അടുത്തയാഴ്ച മുതൽ നഗരത്തെ ആറു സോണുകളായി തിരിച്ച് പെട്രോളിങ് നടത്താൻ ചീറ്റ സ്ക്വാഡ് രൂപീകരിക്കുമെന്നും ഡിജിപി അറിയിച്ചു. തലസ്ഥാനത്തെ ഗതാഗത പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തിലാണ് ഡിജിപി പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചത്.
ആറുമാസത്തിനകം ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനുപുറമെ ഗതാഗതനിയമലംഘനങ്ങള്‍ പൊലീസിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ മൊബൈല്‍ ആപ്പ് തയ്യാറാക്കാനും തീരുമാനമായി. നഗരത്തിൽ കൂടുതൽ ക്യാമറകളും സ്ഥാപിക്കും.
നഗരപരിധിയില്‍ പത്തുലക്ഷം വാഹനങ്ങളുണ്ടെന്നും അവയ്ക്ക് സഞ്ചരിക്കാന്‍ മതിയായ റോഡുകള്‍ ഇല്ലെന്നും ഡിജിപി പറഞ്ഞു. 1990 ലുള്ള അത്രയും എണ്ണം ട്രാഫിക് പൊലീസുകാർ മാത്രമാണ് ഇപ്പോഴും നഗരത്തിലുള്ളത്. നിലവിലുള്ള അടിസ്ഥാനസൗകര്യങ്ങളുപയോഗിച്ച് ഗതാഗതകുരുക്ക് പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ പദ്ധതികൾ.
ജനുവരി ഒന്നുമുതൽ ഗതാഗത നിയമലംഘനങ്ങള്‍ തടയുന്നതിനുള്ള മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാകും. നിയമലംഘനം കണ്ടാല്‍ ഇതുപയോഗിച്ച് ഫോട്ടോ എടുക്കാം. ഈ ഫോട്ടോ കണ്ട്രോള് റൂമില്‍ എത്തുകയും പൊലീസ് തുടര്നടപടിയെടുക്കുകയും ചെയ്യും.