തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ ഓട്ടൊ, ടാക്സി, ബസ് നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. സ്വകാര്യ ബസുകളിലെ മിനിമം നിരക്ക് എട്ട് രൂപയില്‍ നിന്ന് പത്താക്കിയാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. മിനിമം നിരക്ക് 12 രൂപയാക്കണമെന്നായിരുന്നു ബസ് ഉടമകളുടെ ആവശ്യം. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ തുക വര്‍ധിപ്പിച്ചിട്ടില്ല.
സ്വകാര്യ വാഹനങ്ങള്‍ക്ക് പുറമെ കെഎസ്ആർടിസി ബസുകളിലും ടിക്കറ്റ് നിരക്ക് പുതുക്കിയിട്ടുണ്ട്. ഓര്‍ഡിനറി ബസുകളിലെ ടിക്കറ്റ് നിരക്ക് രണ്ട് രൂപ വര്‍ധിപ്പിച്ചു. എന്നാല്‍ നോണ്‍ എസി, സിറ്റി ഷട്ടില്‍, സിറ്റി സര്‍ക്കുലര്‍ ബസുകളിലെ ടിക്കറ്റ് നിരക്ക് ഓര്‍ഡിനറിക്ക് തുല്യമാക്കി കുറച്ചു.
പുതുക്കിയ നിരക്കുകള്‍ ഇങ്ങനെ
ബസ്
ബസിന് ഇതുവരെ മിനിമം ചാര്‍ജ് എട്ട് രൂപയായിരുന്നു. അതിന് ശേഷമുള്ള ഓരോ കിലോ മീറ്ററിനും 90 പൈസയും. പുതിയ നിരക്ക് അനുസരിച്ച് മിനിമം ചാര്‍ജ് 10 രൂപയായിരിക്കും. പിന്നീടുള്ള ഓരോ കിലോ മീറ്ററിനും ഒരു രൂപ വച്ചും ഈടാക്കാം.
ഓട്ടോ
ഓട്ടോ ടാക്സിയെ സംബന്ധിച്ച് മിനിമം ചാര്‍ജ് ഒന്നര കിലോ മീറ്ററിന് 25 രൂപയായിരുന്നു. അധികം വരുന്ന ഓരോ കിലോ മീറ്ററിനും 12 രൂപയാണ് ഈടാക്കിയിരുന്നത്. പുതിയ നിരക്ക് അനുസരിച്ച് മിനിമം ചാര്‍ജ് ഒന്നര കിലോമീറ്ററിന് 30 രൂപയാക്കി നിശ്ചയിച്ചിട്ടുണ്ട്. പിന്നീടുള്ള ഓരോ കിലോ മീറ്ററിനും 15 രൂപയും ഈടാക്കാവുന്നതാണ്.
ടാക്സി കാര്‍
ടാക്സി കാറുകളെ രണ്ടായി തരംതിരിച്ചാണ് നിരക്ക് വര്‍ധന. ഒന്ന്, 1,500 സിസിയില്‍ താഴെയുള്ള കാറുകള്‍. മറ്റൊന്ന് 1,500 സിസിയില്‍ മുകളിലുള്ള കാറുകള്‍.
1,500 സിസിയില്‍ താഴെയുള്ള കാറുകള്‍ക്ക് അഞ്ച് കിലോ മീറ്റര്‍ വരെ മിനിമം ചാര്‍ജ് 175 രൂപയാണ്. ഇത് 200 രൂപയാക്കി വര്‍ധിപ്പിക്കുന്നതാണ്. അധികം വരുന്ന കിലോ മീറ്ററുകള്‍ക്ക് 15 രൂപയാണ് നിലവില്‍, ഇത് 18 രൂപയാക്കി ഉയര്‍ത്തി.
1,500 സിസിയില്‍ മുകളിലുള്ള കാറുകള്‍ക്ക് മിനിമം ചാര്‍ജ് 200 രൂപയായിരുന്നു (അഞ്ച് കിലോ മീറ്റര്‍). ഇത് 225 രൂപയാക്കും. അധികം വരുന്ന ഓരോ കിലോ മീറ്ററിനും 17 രൂപയായിരുന്നു ഇതുവരെ ഈടാക്കിയിരുന്നത്. ഇത് 20 രൂപയാക്കിയും വര്‍ധിപ്പിച്ചു.
Also Read: ഗൂഗിള്‍ പെയില്‍ എങ്ങനെ ഇലക്ട്രിസിറ്റി ബില്‍ അടയ്ക്കാം? എളുപ്പ വഴി ഇതാ